കോയമ്പത്തൂർ സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു: 76 കിലോ സ്ഫോടക വസ്തുകളുടെ ഉറവിടം തേടി പൊലീസ്

Published : Oct 27, 2022, 11:09 PM IST
കോയമ്പത്തൂർ സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു: 76 കിലോ സ്ഫോടക വസ്തുകളുടെ ഉറവിടം തേടി പൊലീസ്

Synopsis

കൊല്ലപ്പെട്ട ചാവേറെന്ന് സംശയിക്കുന്ന ജമേഷ മുബീൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്ത 76 കിലോ സ്ഫോടക വസ്തു എവിടെ നിന്നാണ് ശേഖരിച്ചത് എന്നു കണ്ടെത്താൻ ഇതിനോടകം അന്വേഷണം തുടങ്ങി കഴിഞ്ഞു

കോയമ്പത്തൂർ‌: കോയമ്പത്തൂർ ഉക്കടത്ത് കാർബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തു. തീവ്രവാദ ബന്ധവും, പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സഹായം കിട്ടിയതും കണക്കിലെടുത്താണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തത്. കോയമ്പത്തൂർ നഗരത്തിൽ സ്ഫോടന പരമ്പരയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന തെളിവുകൾ കിട്ടിയതോടെ തമിഴ്നാട് സർക്കാർ ഇന്നലെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കണം എന്നു തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തത്. 24 മണിക്കൂറിനുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കി. ഇതിനു തൊട്ടുപിന്നാലെ തമിഴ്നാട് പോലീസ് മേധാവി സി. ശൈലേന്ദ്രബാബു കോയമ്പത്തൂരിൽ എത്തി. രണ്ടു ദിവസമായി നഗരത്തിൽ ക്യാമ്പ് ചെയ്യുന്ന എൻഐഎ ഡിഐജി കെ.ബി.വന്ദന, എസ്. പി. ശ്രീജിത്ത്‌ എന്നിവരുമായി കൂടിക്കാഴ്ച തമിഴ്നാട് പൊലീസ് മേധാവി ചർച്ച നടത്തി.

അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കും മുൻപേ തന്നെ എൻഐഎ കേസിൻ്റെ വിവരശേഖരണം തുടങ്ങിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളേയും എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറെന്ന് സംശയിക്കുന്ന ജമേഷ മുബീൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്ത 76 കിലോ സ്ഫോടക വസ്തു എവിടെ നിന്നാണ് ശേഖരിച്ചത് എന്നു കണ്ടെത്താൻ ഇതിനോടകം അന്വേഷണം തുടങ്ങി കഴിഞ്ഞു. ഇ കൊമേഴ്സ് സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിൽ കോയമ്പത്തൂർ നഗരത്തിൽ വിറ്റ സ്ഫോടകവസ്തുക്കളുടെ വിവരം നൽകണമെന്ന് ആമസോൺ, ഫ്ളിപ്പ്കാർട്ട് എന്നീ ഇ കൊമേഴ്സ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈനിൽ സ്ഫോടക വസ്തുക്കൾ ഓർഡർ ചെയ്യാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ലാപ്ടോപ്പ് പ്രതികളിലൊരാളായ അഫ്സ്ഖർ ഖാൻ്റെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ലാപ്പ്ടോപ്പ് സൈബർ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

നഗരത്തിലെമ്പാടും സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടിരുന്നു എന്ന് വ്യക്തമായതോടെ കോയമ്പത്തൂർ നഗരത്തിലാകെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൂവായിരം പൊലീസുകാരെ നഗരത്തിൽ വിന്യസിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ബന്ധം സംശയിക്കുന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ ഇനി എൻഐഎ അന്വേഷണം ആയിരിക്കും നിർണായകം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം