18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്ത ആദ്യ ജില്ലയായി നീലഗിരി

By Web TeamFirst Published Jul 1, 2021, 11:14 AM IST
Highlights


സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം 27,000 ആദിവാസികളാണ് നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. കഴിഞ്ഞ ഞായറാഴ്ച വരെ 21,500 പേര്‍ക്ക് കൊവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തിരുന്നു.

സുല്‍ത്താന്‍ബത്തേരി: പുതിയ സര്‍ക്കാരിന്‍റെ കീഴില്‍ ചിട്ടയായ വാക്സിനേഷന്‍ പദ്ധതികളുമായി മുന്നേറുകയാണ് തമിഴ്നാട്. ഒരു മാസമായി തമിഴ്നാട് സര്‍ക്കാറും നീലഗിരി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നീലഗിരി ജില്ലയില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. നിലവില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ ആദിവാസികളും കൊവിഡ് വാക്സിനെടുത്ത ആദ്യ ജില്ല എന്ന ഖ്യാതി ഇനി നീലഗിരി ജില്ലയ്ക്കാണ്. 

സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം 27,000 ആദിവാസികളാണ് നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. കഴിഞ്ഞ ഞായറാഴ്ച വരെ 21,500 പേര്‍ക്ക് കൊവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തിരുന്നു. ബാക്കിയുള്ള 300 പേര്‍ക്ക് കൂടി വാക്‌സിന്‍ ലഭ്യമാക്കിയതായി ജില്ല ഭരണകൂടം അവകാശപ്പെട്ടു. ഇതോടെയാണ് ജില്ലയിലെ 18 വയസ് തികഞ്ഞ എല്ലാ ആദിവാസികള്‍ക്കും വാക്സിനേഷന്‍ നടപടി പൂര്‍ത്തിയായത്. 

ഏതാനും മാസങ്ങളായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആദിവാസി മേഖലകളില്‍ രോഗ പ്രതിരോധ ക്യാമ്പും ബോധവത്കരണവും നടത്തിവരികയായിരുന്നു. മെയ് മാസത്തില്‍ ഗൂഢല്ലൂര്‍, മസിനഗുഡി, പന്തല്ലൂര്‍ തുടങ്ങിയ പ്രദേശത്തെ ആദിവാസി ഗ്രാമങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ചിട്ടയായ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിന്‍റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും ആദ്യ  ആദ്യഡോസ് വാക്‌സിന്‍ നല്‍കുന്നതിലേക്ക് എത്തിയിരിക്കുന്നത്. നീലഗിരി ജില്ല കലക്ടര്‍ ഇന്നസെന്‍റ് ദിവ്യ അടക്കമുള്ളവര്‍ പലയിടങ്ങളിലും നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!