
മുംബൈ: 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തയ്യല്‍ക്കാരൻ അറസ്റ്റിൽ. 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇബാദ് എന്ന ഒൻപത് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തന്‍റെ വീട് നിർമാണത്തിന് പണം കണ്ടെത്താനാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സൽമാൻ മൌലവി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് താനെയിലെ ബദ്‌ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് എത്തേണ്ട സമയമായിട്ടും കുട്ടി തിരിച്ചുവരാതിരുന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി തിരച്ചിൽ തുടങ്ങി. അതിനിടെ ഇബാദിൻ്റെ പിതാവ് മുദ്ദാസിറിന് ഒരു കോള്‍ വന്നു. മകനെ മോചിപ്പിക്കണമെങ്കിൽ 23 ലക്ഷം നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍. പക്ഷേ കുട്ടി എവിടെയാണെന്നോ പണം എവിടെ എത്തിക്കണമെന്നോ വിളിച്ചയാള്‍ പറഞ്ഞില്ല.
ഇബാദിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ഗ്രാമമാകെ അരിച്ചുപെറുക്കി തെരച്ചിൽ തുടങ്ങി. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ കോള്‍ ചെയ്ത സിം മാറ്റിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയ ആളുടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. സൽമാൻ മൌലവി എന്ന തയ്യൽക്കാരന്‍റെ വീടായിരുന്നു അത്. വീട് വളഞ്ഞ് പൊലീസ് തെരച്ചിൽ നടത്തി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ചാക്കിൽ വീടിന്‍റെ പുറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സൽമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുപണിക്ക് ആവശ്യമായ പണം കണ്ടെത്താനാണ് ഈ ക്രൂരത ചെയ്തതെന്ന് സൽമാൻ പൊലീസിനോട് പറഞ്ഞു.സൽമാനോടൊപ്പം സഹോദരൻ സഫുവാൻ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. മറ്റാർക്കെങ്കിലും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് ബദ്‌ലാപൂർ പൊലീസ് ഓഫീസർ ഗോവിന്ദ് പാട്ടീൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam