
ദില്ലി: നിർഭയ കേസിൽ കുറ്റവാളികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ഉച്ചയ്ക്ക് 2.30 നാണ് വിധി പറയുക. പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നും ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
കരുതിക്കൂട്ടി, കണക്കുകൂട്ടലകൾ നടത്തി നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്ത് ശിക്ഷ പരമാവധി നീട്ടാനുള്ള ശ്രമമാണ് കുറ്റവാളികൾ നടത്തുന്നത്. ഇതുപോലെയുള്ള നരാധമൻമാർ തെരുവിലിറങ്ങി നടക്കുന്നത് കൊണ്ട് പെൺകുട്ടികളെ അമ്മമാർ പുറത്തുവിടുന്നില്ലെന്നും തുഷാർ മെഹ്ത്ത വാദത്തിനിടെ പറഞ്ഞു. ശിക്ഷ വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായേക്കുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാർ മെഹ്ത ചൂണ്ടിക്കാട്ടിയിരുന്നു. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികൾക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തത്.
നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ദില്ലി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാൽ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തൽ ഹർജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹർജിയും സമർപ്പിച്ചു. ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും ദയാഹർജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം പ്രതികൾക്ക് ഗുണകരമായി, നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ എന്ന് കൂടി നിർദ്ദേശമുള്ളതിനാൽ ഇത് ഫലത്തിൽ എല്ലാ പ്രതികൾക്കും ഗുണം ചെയ്തു.
മുകേഷിന്‍റെ ദയാഹർജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാർ ദയാഹർജി സമർപ്പിച്ചു. ഇതും രാഷ്ട്രപതി തള്ളിയതോടെ അടുത്ത പ്രതിയായ വിനയ് കുമാർ ദയാർഹർജി സമർപ്പിച്ചു. ഇത് തള്ളപ്പെട്ടതോടെ, അക്ഷയ് താക്കൂർ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ദയാഹർജി തള്ളിക്കഴിഞ്ഞ രണ്ട് പ്രതികളെ മറ്റ് പ്രതികളുടെ ദയാർഹർജിയിൽ തീരുമാനം ഉണ്ടാകാൻ കാക്കാതെ തൂക്കിലേറ്റണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam