നിർഭയ കേസ് ഇന്നും സുപ്രീംകോടതിയിൽ; അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ തിരുത്തൽ ഹര്‍ജി പരിഗണിക്കും

By Web TeamFirst Published Jan 30, 2020, 8:05 AM IST
Highlights

പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് നടപ്പാക്കാനാകില്ല. ദയാഹർജിയിൽ ഇന്നോ നാളയോ രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാകും. 

ദില്ലി: വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി അക്ഷയ് സിംഗ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് ഹർജി പരിഗണിക്കുക.

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികളിലൊരാളായ മുകേഷ് സിംഗ് നൽകിയ ഹർജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്ത തീരുമാനങ്ങൾ പരിശോധിച്ചാണ്  മുകേഷ് സിംഗിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങളിൽ യാതൊരു അപകാതയും ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വധശിക്ഷക്കെതിരെ മുകേഷ് സിംഗ് നൽകിയ തിരുത്തൽ ഹര്‍ജിയും നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

അതിന് പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നല്‍കിയിരുന്നു. പ്രായവും കുടുംബസാഹചര്യവും പരിഗണിച്ച തൂക്കിലേറ്റരുതെന്നാണ് വിനയ് ശർമയുടെ അപേക്ഷ. ദയാഹർജിയിൽ ഇന്നോ നാളയോ രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാകും. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് നടപ്പാക്കാനാകില്ല.

click me!