നിർഭയ കേസ് പ്രതികളുടെ ഹർജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി

By Web TeamFirst Published Mar 19, 2020, 11:24 PM IST
Highlights

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി. 

ദില്ലി: നിർഭയ കേസ് പ്രതികളുടെ ഹർജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. നാളെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികൾ സുപ്രീം കോടതിയെ കൂടി സമീപ്പിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും  വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു. 

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി. 

എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി. ഒരു രേഖയുമില്ലാതെയാണ് ഹർജി നൽകി സ്റ്റേ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ രണ്ട് ദിവസം കഴിയുമ്പോൾ ഹർജിക്ക് പ്രസക്തിയില്ലാതാകുമെന്നായിരുന്നു കോടതിയുടെ മറുപടി. 

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. 

വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിലുള്ള എല്ലാ ഹർജികളും തള്ളിയാൽ പുതിയ ഹർജികൾ വീണ്ടും സമർപ്പിച്ചേക്കാം.

നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിങ്ങും നൽകിയിരുന്നു. ബന്ധുക്കളെ കാണാനും അവസരം നൽകി.

click me!