
ദില്ലി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന ജെഡിയു പ്രചാരണത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രീയ പര്യടനത്തിനിറങ്ങുന്നു. നാല് സംസ്ഥാനങ്ങളിലെ റാലികളില്‍ ഈ മാസം അവസാന വാരം മുതല്‍ നിതീഷ് പങ്കെടുക്കും. ഇന്ത്യ മുന്നണി യോഗത്തിലും നിലപാടറിയിക്കാനുള്ള നീക്കത്തിലാണ് ജെഡിയു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി മുതലെടുക്കാനാണ് ജെഡിയു നീക്കം. ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃപദവി ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിതിഷ് കുമാറെന്ന പ്രചാരണം ജെഡിയു ശക്തമാക്കുകയാണ്. കുര്‍മി വിഭാഗത്തില്‍ പെടുന്ന നിതീഷ് കുമാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ജെഡിയു കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് രാഷ്ട്രീയ റാലികളുമായി സജീവമാകാനുള്ള നിതീഷിന്‍റെ തീരുമാനം.
ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ആദ്യ റാലി. 24 ന് പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ നിന്ന് തന്നെ പര്യടനത്തിന് തുടക്കമിടുന്നത് കൃത്യമായ സന്ദേശം നല്‍കാനാണെന്നത് വ്യക്തമാണ്. യുപിയിലെ തന്നെ പ്രയാഗ് രാജ്, ഫുല്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ റാലികളിലും പങ്കെടുക്കും. പിന്നീട് ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും നീങ്ങും. ജനുവരി മുതല്‍ ഒരു മാസക്കാലം നീളുന്ന പര്യടനമാണ് ഇപ്പോഴത്തെ പദ്ധതിയിലുള്ളത്. തുടര്‍ന്ന് മറ്റ സംസ്ഥാനങ്ങളിലേക്കും പോകും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം നേരത്തെ നിതീഷ് കുമാര്‍ തള്ളിയിരുന്നെങ്കിലും നിയമസഭ തെരഞ്ഞടുപ്പിന് പിന്നാലെ അവകാശവാദം ഉന്നയിക്കാനുള്ള ശേഷി കോണ്‍ഗ്രസിന് കുറഞ്ഞതോടെയാണ് കരുനീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. മാത്രമല്ല നേതൃപദവി ലക്ഷ്യമിട്ട് മമത ബാനര്‍ജി ചരട് വലി തുടങ്ങിയതും നേരത്തെ കളത്തിലിറങ്ങാന്‍ മറ്റൊരു കാരണമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam