
പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി മുഖ്യമന്ത്രിയായി പത്താം തവണയും അധികാരമേൽക്കാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാർ സർക്കാർ ഈ മാസം 20 ന് (വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യും. നിതീഷിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് നേട്ടമാണ് ഇതോടെ നിതീഷ് കുമാർ സ്വന്തമാക്കുന്നത്. രാജ്യത്ത് ഒരു വ്യക്തി ഇത്രയധികം തവണ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്.
ബിഹാറിൽ സർക്കാർ രൂപീകരണം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന എൻഡിഎ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പരിഹരിക്കുന്നു. ഏഴ് എംഎൽഎമാർക്ക് ഒരു മന്ത്രിയെന്ന ഫോർമുല സ്വീകരിച്ചതോടെ ബി.ജെ.പി, ജെ.ഡി.യു പാർട്ടി എം.എൽ.എമാരിൽ നിന്ന് തുല്യനിലയിൽ സർക്കാരിൽ മന്ത്രിമാരുണ്ടാകും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം ലോക്‌ജനശക്തി പാർട്ടിക്ക് ഒരു ഉപമുഖ്യമന്ത്രി പദം നൽകാനും രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നിലനിർത്താനും ധാരണയായി. ബിജെപിയുടെ രാം കൃപാൽ യാദവും, എൽജെപിയിൽ രാജു തിവാരിയും ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എല്ലാ നിയുക്ത എംഎൽഎമാരോടും പാറ്റ്നയിൽ തുടരാൻ ബിജെപി, ജെഡിയു നേതാക്കൾ നിർദേശം നൽകി. നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് നിതീഷ് കുമാർ ഇന്നോ നാളെയോ ഗവർണറെ കാണും.
ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ആകെ സീറ്റായ 243ന്‍റെ 10ശതമാനം സീറ്റ് നേടിയാലേ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃപദവി ലഭിക്കൂ. ആര്‍ജെഡിക്ക് 25 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതാവില്ലാതാകുമായിരുന്ന അവസ്ഥയില്‍ നിന്ന് ബിഹാര്‍ രക്ഷപ്പെട്ടു. എസ്ഐആറിനു പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമപട്ടികയില്‍ 3 ലക്ഷം അധിക വോട്ടര്‍മാരുണ്ടായതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. പത്രിക സമര്‍പ്പണത്തിന് 10ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു എന്നാണ് വിശദീകരണം. അന്തിമപട്ടികയില്‍ ആദ്യമുണ്ടായിരുന്നത് 7.42ലക്ഷം വോട്ടര്‍മാരായിരുന്നു. നവംബര്‍ 12ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 7.45 കോടിയായി ഉയര്‍ന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അട്ടിമറി സംശയത്തിന് ആധാരം.
ബിഹാറിലെ തോല്‍വിക്ക് പിന്നാലെ ആര്‍ജെഡിയിലും ലാലു പ്രസാദിന്‍റെ കുടുംബത്തിലും കലഹം മൂര്‍ച്ഛിക്കുകയാണ്. ലാലു പ്രസാദിൻ്റെ മൂന്നി പെൺമക്കൾ കൂടി തേജസ്വി യാദവിനെ വിമർശിച്ച് വീട്ടിൽ നിന്ന് മാറി. രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വെളിപ്പെടുത്തി. അതേസമയം, ആരോപണത്തിനോട് തേജസ്വി യാദവ് പ്രതികരിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam