കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കല്‍; മലക്കം മറിഞ്ഞ് നിതീഷ് കുമാര്‍

By Web TeamFirst Published Apr 30, 2020, 4:39 PM IST
Highlights

കഴിഞ്ഞ ദിവസം വരെ തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിലും തിരിച്ചുകൊണ്ടുപോകുന്നതിലും എതിര്‍പ്പ് പ്രകടിപ്പിച്ച നിതീഷ് കുമാര്‍, വ്യാഴാഴ്ച നിലപാട് മാറ്റി.
 

പട്‌ന: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ നിലപാട് മാറ്റവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ ദിവസം വരെ തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിലും തിരിച്ചുകൊണ്ടുപോകുന്നതിലും എതിര്‍പ്പ് പ്രകടിപ്പിച്ച നിതീഷ് കുമാര്‍, വ്യാഴാഴ്ച നിലപാട് മാറ്റി. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ബിഹാര്‍ സ്വദേശികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാറും ഇതേ ആവശ്യം ഉന്നയിച്ചത്. 

നേരത്തെ, രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ നിതീഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണെന്നെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ യോജിച്ച പ്രവര്‍ത്തനത്തിലൂടെ തൊഴിലാളികളെ എത്തിക്കണമെന്നാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി ലോക്ക്ഡൗണ്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ ചട്ടം പാലിക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.  കൊവിഡ് 19 നേരിടുന്നതില്‍ നിതീഷ് കുമാറിന് വീഴ്ചയുണ്ടായെന്ന് സംസ്ഥാനത്തെ എംപിമാര്‍ കേന്ദ്രമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ചിരുന്നു.
 

click me!