കനത്ത നാശം വിതച്ച് 'നിവാർ', പുതുച്ചേരി തീരം തൊട്ടു, വടക്കൻ തമിഴ്നാട്ടിൽ പേമാരി

Published : Nov 26, 2020, 07:03 AM ISTUpdated : Nov 26, 2020, 08:24 AM IST
കനത്ത നാശം വിതച്ച് 'നിവാർ', പുതുച്ചേരി തീരം തൊട്ടു, വടക്കൻ തമിഴ്നാട്ടിൽ പേമാരി

Synopsis

ഒരു ലക്ഷം പേരെയാണ് ചുഴലിക്കാറ്റ് മുന്നിൽക്കണ്ട് ഒഴിപ്പിച്ചത്. പുതുച്ചേരിയിൽ കരതൊട്ട ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് കയറി ശക്തി കുറഞ്ഞ് 'തീവ്രചുഴലിക്കാറ്റ്' ആയി മാറി. 

ചെന്നൈ: തമിഴ്നാട് തീരത്ത് നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കര തൊട്ടു. 135 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ഇപ്പോൾ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്. കാറ്റിന്‍റെ വേഗം അടുത്ത മണിക്കൂറുകളിൽ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന് ആറ് മണിക്കൂർ വരെ സമയമെടുത്തേക്കാം.വേഗം 65-75 കീമി ആയി കുറയും എന്നാണ് കണക്കുകൂട്ടൽ.

വിളുപുരം ജില്ലയിൽ സ്ത്രീ വീട് തകർന്ന് വീണ് മരിച്ചു. വിളുപുരം സ്വദേശി രാജേശ്വരിയാണ് മരിച്ചത്. ഇവരുടെ മകൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. ലക്ഷക്കണക്കിനാളുകളെ മുൻകൂട്ടി ഒഴിപ്പിച്ചത് ദുരന്തത്തിന്‍റെ ആഘാതം കുറച്ചു. തമിഴ്നാടിന്‍റെ തീരമേഖലയിലും പുതുച്ചേരിയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.

തമിഴ്നാട്ടിൽ ഇന്നും പൊതു അവധിയായിരിക്കും. അവശ്യസർവീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. ശനിയാഴ്ച വരെ പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനം നടത്താൻ സജ്ജരാണെന്ന് തമിഴ്നാട്, പുതുച്ചേരി അധികൃതർ വ്യക്തമാക്കുന്നു. എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രസർക്കാരും ഉറപ്പു നൽകുന്നു. 

കടലൂരിന്‍റെയും പുതുച്ചേരിയുടെയും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് കയറിയിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ ശക്തമായ കാറ്റും മഴയും ഇന്നും തുടരും. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്നും, വീട്ടിൽ തുടരണമെന്നും സർക്കാ‍ർ ആവശ്യപ്പെട്ടു. 

ചെന്നൈയിൽ നിവാർ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തുറന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ: 044 25384530, 044 25384540, 24 മണിക്കൂർ കൺട്രോൾ റൂം, 1913

ഒഴിപ്പിച്ചത് ഒരു ലക്ഷം പേരെ

കഴിഞ്ഞ എട്ട് വർഷത്തിനിടെ, തമിഴ്നാട്ടിലുണ്ടായ അഞ്ചാമത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരുന്നു നിവാർ. ചെന്നൈയിലും മറ്റ് തീരദേശജില്ലകളിലും നിന്ന് ഏതാണ്ട് ഒന്നേകാൽലക്ഷം പേരെയാണ് തമിഴ്നാട് സർക്കാർ ഒഴിപ്പിച്ചത്. ഇത്രയധികം പേരെ കൂട്ടത്തോടെ ഒഴിപ്പിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ എത്തിക്കാനായത് ദുരന്തത്തിന്‍റെ വ്യാപ്തി വലിയ രീതിയിൽ കുറയ്ക്കാനായി. നിലവിൽ 1486 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 4200 ക്യാമ്പുകൾ പ്രവർത്തനസജ്ജമാണ്. ഇന്ന് ഉച്ച വരെ രക്ഷാപ്രവർത്തനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

ചെങ്കൽപ്പട്ട്, വിളുപുരം, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ എന്നീ പ്രദേശങ്ങളിലും കനത്ത മഴ തുടരും. ആന്ധ്രാപ്രദേശിലെ റായലസീമ, ചിറ്റൂർ, കുർണൂൽ, പ്രകാശം, കടപ്പ എന്നീ ജില്ലകളിലും കനത്ത ജാഗ്രത തുടരും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സർവീസ് നടത്തേണ്ടിയിരുന്ന 10 തീവണ്ടികൾ ദക്ഷിണറെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലെ മൂന്ന് തുറമുഖങ്ങളും അടച്ചു. തീരത്ത് നിർത്തിയിട്ടിരുന്ന ചില കപ്പലുകൾ പുറംകടലിലേക്ക് മാറ്റി. ചെന്നൈ വിമാനത്താവളം രാവിലെ ഏഴ് മണി മുതൽ വീണ്ടും തുറന്നു.

ചെന്നൈയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ടോടെ ആകെ അയ്യായിരം ക്യുസെക്സ് വെള്ളം പുറത്തേക്ക് ഘട്ടംഘട്ടമായി ഒഴുക്കിക്കളയുമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. 

നിവാർ ചുഴലിക്കാറ്റ് എവിടെയെത്തി? കാറ്റിന്‍റെ ഗതിയറിയാൻ വിൻഡി മാപ്പ് സൂമിൻ ചെയ്യുക..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി