കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; ഇരുസഭകളിലും പ്രതിഷേധം

Published : Jul 28, 2025, 11:42 AM ISTUpdated : Jul 28, 2025, 12:17 PM IST
Parliament monsoon session 2025

Synopsis

കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് ലോക്സഭയും രാജ്യസഭയും തള്ളി. പ്രതിഷേധത്തെ തുടർന്ന് ഇരു സഭകളും നിർത്തിവച്ചു.

ദില്ലി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.

കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.

രാവിലെ പാര്‍ലമെന്‍റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാരുടെ നിലപാട്

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വച്ചത്. ബജ്റംഗ്ദൾ പ്രവർത്തകർ പോലീസിന്റെ സാന്നിധ്യത്തിൽ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദൾ പ്രവർത്തകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവർത്തകർ പരിശോധിച്ചു.

അതിനിടെ ഛത്തീസ്ഗഡിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിന്‍റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നിൽ ചോദ്യം ചെയ്യുന്നതിന്‍റെയും അടിക്കാനോങ്ങുന്നതിന്‍റെയും ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശർമയുടെ നേതൃത്വത്തിൽ ആണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവർത്തക പറഞ്ഞു.

കന്യാസ്ത്രീകൾക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ഇരുവർക്കുമെതിരെ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. അതേസമയം കന്യാസ്ത്രീകൾക്കായി ഇന്ന് ജാമ്യാപേക്ഷ നൽകില്ല. രേഖകളെല്ലാം ലഭിച്ച ശേഷം ഹർജി നൽകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ