തെളിവില്ല; സിഎഎ വിരുദ്ധ സമരങ്ങളില്‍ അറസ്റ്റ് ചെയ്ത മദ്റസ വിദ്യാര്‍ത്ഥികളെ യുപി പൊലീസ് വിട്ടയക്കുന്നു

By Web TeamFirst Published Jan 8, 2020, 10:34 PM IST
Highlights

യാതൊരു തെളിവുമില്ലാതെ കുട്ടികള്‍ക്കെതിരെ പൊലീസ് ഗുരുതര കുറ്റം ചുമത്തി. പ്രതിഷേധിച്ചവരെ കിട്ടാതായപ്പോള്‍ മദ്റസയിലെ കുട്ടികളെ പിടികൂടുകയായിരുന്നുവെന്ന് അഭിഭാഷകന്‍ നസീം സെയ്ദി പറഞ്ഞു.

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസഫര്‍നഗറില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളടക്കമുള്ളവരെ പൊലീസ് വിട്ടയക്കുന്നു. മതിയായ തെളിവുകള്‍ ലഭിക്കാത്തിനാലാണ് യുവാക്കളെ വിട്ടയക്കുന്നത്. ഇവരെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഹൗസ ഇല്‍മിയ ഇമാം ഹുസൈന്‍ മദ്റസയിലെ പത്തോളം വിദ്യാര്‍ത്ഥികളെയും താമസക്കാരെയുമാണ് വധശ്രമമടക്കമുള്ള കുറ്റം ചുമത്തി പൊലീസ് ഡിസംബര്‍ 20ന് അറസ്റ്റ് ചെയ്തത്.

പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, ജനുവരി മൂന്നിന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളെ ജയിലില്‍നിന്ന് വിട്ടയച്ചു. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചതായി അഭിഭാഷകന്‍ കമ്രാന്‍ ഹസ്നൈന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങള്‍ പിന്‍വലിച്ച് നിയമവിരുദ്ധമായി കൂട്ടം കൂടിയ കുറ്റം മാത്രം നിലനിര്‍ത്തി.

മുസഫര്‍നഗറില്‍നിന്ന് 108 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മദ്റസയില്‍നിന്ന് പിടികൂടിയ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കെതിരെയാണ് ഗുരുതര കുറ്റം ചുമത്തിയത്. കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യാതൊരു തെളിവുമില്ലാതെ കുട്ടികള്‍ക്കെതിരെ പൊലീസ് ഗുരുതര കുറ്റം ചുമത്തി. പ്രതിഷേധിച്ചവരെ കിട്ടാതായപ്പോള്‍ മദ്റസയിലെ കുട്ടികളെ പിടികൂടുകയായിരുന്നുവെന്ന് മറ്റൊരു അഭിഭാഷകനായ നസീം സെയ്ദി പറഞ്ഞു.

പിടികൂടിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കേസുകള്‍ തള്ളുന്നത്. ആരോപണം യുപി പൊലീസിനെ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് അഭിഭാഷകര്‍ ആരോപിച്ചു. 

click me!