Latest Videos

പൗരത്വ നിയമ ഭേദഗതി: സര്‍ക്കാറിനെ ഭൂമിയിലെ ഒരു ശക്തിക്കും തടയാനാകില്ലെന്ന് ബിജെപി

By Web TeamFirst Published Jan 12, 2020, 10:25 AM IST
Highlights

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നത് കോണ്‍ഗ്രസ് വാഗ്ദാനമായിരുന്നു. ഗുജറാത്തിലും ഇതേ ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചെന്ന് ബിജെപി വക്താവ് പറഞ്ഞു.

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനെ ഭൂമിയിലെ ഒരു ശക്തിക്കും തടയാനാകില്ലെന്ന് ബിജെപി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ബിജെപിയുടെ മറുപടി. സിഎഎ നിലവില്‍ വന്നു. ഇനി ആര്‍ക്കും പിന്തിരിപ്പിക്കാനാകില്ലെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു.

സിഎഎ, എന്‍പിആര്‍ എന്നിവ സംബന്ധിച്ച് കോണ്‍ഗ്രസിന്‍റെ കാപട്യം തുറന്നുകാട്ടും. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നത് കോണ്‍ഗ്രസ് വാഗ്ദാനമായിരുന്നു. ഗുജറാത്തിലും ഇതേ ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു.  പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്‍പിആര്‍ നടപ്പാക്കാന്‍ 2010ല്‍ തീരുമാനിച്ചത് കോണ്‍ഗ്രസാണ്. 2020ല്‍ എത്തിയപ്പോള്‍ എന്‍പിആര്‍ എങ്ങനെയാണ് അപകടകരമായത്. കോണ്‍ഗ്രസിന് ഇക്കാര്യങ്ങളിലെല്ലാം ഇരട്ടത്താപ്പാണെന്നും ബിജെപി വക്താവ് ആരോപിച്ചു. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിഎഎക്കെതിരെ നിയമസഭകള്‍ പ്രമേയം പാസാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് ബിജെപി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേതഗതി പിന്‍വലിക്കുക, എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ചാണ് പ്രമേയം പാസാക്കുക. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് വര്‍ക്കിംഗ് കമ്മിറ്റിയും പ്രമേയം പാസാക്കി. സര്‍ക്കാറിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. സാമ്പത്തിക രംഗത്തെ സര്‍ക്കാറിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാനും കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

click me!