
ലഖ്നൗ: പെട്രോൾ പമ്പിലേയ്ക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ലൈൻമാന്റെ പ്രതികാരം. ഹെൽമെറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകില്ലെന്ന് പമ്പ് ജീവനക്കാർ നിർബന്ധം പിടിച്ചതാണ് ലൈൻമാനെ ചൊടിപ്പിച്ചത്. ഉത്തർപ്രദേശിലാണ് പ്രദേശവാസികളെ അമ്പരപ്പിച്ച സംഭവം ഉണ്ടായിരിക്കുന്നത്.
റോഡിലെ അപകട മരണങ്ങൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി 'നോ ഹെൽമെറ്റ്, നോ പെട്രോൾ' നിയമം നടപ്പിലാക്കാൻ യുപി സർക്കാർ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഹെൽമെറ്റ് ധരിക്കാത്ത ബൈക്ക് യാത്രികർക്ക് ഇന്ധനം നൽകരുതെന്ന് പെട്രോൾ പമ്പ് ഉടമകളും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ജീവനക്കാർ ലൈൻമാന് പെട്രോൾ നിരസിച്ചത്. എന്നാൽ, പ്രകോപിതനായ ലൈൻമാൻ സമീപത്തുള്ള വൈദ്യുതി പോസ്റ്റിൽ കയറിയ ശേഷം പമ്പിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ആർക്കും ഇന്ധനം നൽകരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റിൻ്റെ ഉത്തരവിനെക്കുറിച്ച് പമ്പ് ഉടമ അറിയിച്ചിരന്നുവെന്ന് ജീവനക്കാരൻ പറഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ ലൈൻമാൻ വന്നപ്പോൾ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹം ബഹളം വെച്ച് ഇറങ്ങിപ്പോയ ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു.
വൈദ്യുതി പോസ്റ്റിന് സമീപം ലൈൻമാൻ ബൈക്ക് നിർത്തിയ ശേഷം മതിൽ ചാടുന്നതും പോസ്റ്റിൽ കയറുന്നതും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ തിരിച്ചിറങ്ങുമ്പോൾ എന്താണ് കുഴപ്പം സംഭവിച്ചതെന്ന് പരിശോധിക്കാൻ ആളുകൾ ട്രാൻസ്ഫോർമറിന് സമീപം വരുന്നതും വീഡിയോയിൽ കാണാം. അതേസമയം, പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കം പെട്രോൾ പമ്പ് ജീവനക്കാരെ അമ്പരപ്പിച്ചു. 20 മിനിറ്റിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
READ MORE: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ മധ്യവയസ്‌കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam