വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം; റിപ്പോർട്ടുകൾ തള്ളി സാംസ്കാരിക മന്ത്രാലയം

Published : May 31, 2022, 09:13 PM ISTUpdated : May 31, 2022, 09:16 PM IST
വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം; റിപ്പോർട്ടുകൾ തള്ളി സാംസ്കാരിക മന്ത്രാലയം

Synopsis

ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയത് കൊൽക്കത്തയിലെ ഡിഎൻഎ ലാബോറട്ടറി അപ്പ്ഗ്രേഡ് ചെയ്യാനുള്ള ശുപാർശയെന്ന് സാംസ്കാരിക മന്ത്രാലയം; വിമർശനവുമായി രാഹുൽ ഗാന്ധി

ദില്ലി: രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം നടത്താൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി സാംസ്കാരിക മന്ത്രാലയം. വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊൽക്കത്തയിലെ ഡിഎൻഎ ലാബോറട്ടറി അപ്പ്ഗ്രേഡ് ചെയ്യാനുള്ള ഒരു ശുപാർശ നൽകുക മാത്രമാണ് ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ (ANSI) നിന്ന് ഉണ്ടായത്.  ഇപ്പോൾ നടക്കുന്ന ചില പ്രോജക്ടുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ശുപാർശ. ഇതിനെയാണ് രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താനുള്ള ഡിഎൻഎ പഠനം എന്ന നിലയിൽ വ്യാഖ്യാനിച്ചത്. അത്തരത്തിലുള്ള യാതൊരു നീക്കവും നിലവിൽ ഇല്ലെന്നും സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. കൊൽക്കത്ത ലാബ് അപ്പ്ഗ്രേഡ് ചെയ്യണമെന്ന ശുപാർശ പരിശോധിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.  

വിമർശനവുമായി രാഹുൽ ഗാന്ധി

വംശശുദ്ധി സംബന്ധിച്ച പഠനമല്ല, ജോലി സുരക്ഷയാണ് ഇന്ത്യക്ക് ആവശ്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സാമ്പത്തിക സുരക്ഷിതത്വം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാർ വംശശുദ്ധി പഠിക്കാൻ ഒരുങ്ങുന്നത്. ഇത് ഭൂഷണമല്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാഹുലിന്റെ ട്വീറ്റ് പങ്കുവച്ച ജയ്റാം രമേശ് ഇതെന്താണ് 1930കളിലെ ജർമനിയാണോ എന്ന ചോദ്യവും ഉയർത്തി. വിമർശനം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.

എന്തായിരുന്നു റിപ്പോർട്ടുകൾ

ഇന്ത്യക്കാരുടെ ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും വംശശുദ്ധി കണ്ടെത്തുന്നതിനും നടപടികൾ തുടങ്ങിയതായി സാംസ്കാരിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. പഠനത്തിനാവശ്യമായ ഡിഎൻഎ പ്രൊഫൈലിംഗ് കിറ്റുകളും അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പുരാവസ്തു ഗവേഷകനായ പ്രൊഫസർ വസന്ത് എസ്.ഷിൻഡെ ഇതിന് നേതൃത്വം നൽകും എന്നുള്ളതും ആയിരുന്നു റിപ്പോർട്ടുകൾ. ഇതിനുമുന്നോടിയായി ഷിൻഡേയുമായും ഹൈദരാബാദിലെ ലഖ്‌നൗ ആസ്ഥാനമായുള്ള ബീർബൽ സഹാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസിലെ മുതിർന്ന ശാസ്ത്രജ്ഞരുമായും സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹാരപ്പൻ ജനതയുമായി ബന്ധപ്പെട്ട ഡിഎൻഎ പഠനങ്ങൾ നടത്തിയ വ്യക്തിയാണ് പ്രൊഫ. വസന്ത് എസ്.ഷിൻഡേ. 

ഇതിനുപിന്നാലെ കഴിഞ്ഞ 10,000 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനസംഖ്യയിൽ ജീനുകളുടെ മ്യൂട്ടേഷനും മിശ്രണവും എങ്ങനെ സംഭവിച്ചുവെന്നത് മനസ്സിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്  വ്യക്തമാക്കി വസന്ത് എസ്.ഷിൻഡേ രംഗത്തെത്തി. അതിലൂടെ നമുക്ക് ജനിതക ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ആശയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താനുള്ള പഠനമാണ് നടത്തുന്നത് എന്നത് വ്യാഖ്യാനങ്ങൾ മാത്രമാണെന്നും ഷിൻഡേ പറഞ്ഞു. 
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്