മംഗളൂരു വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം ഇല്ല; സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 23, 2019, 3:01 PM IST
Highlights

വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ തള്ളി. സിഐഡി അന്വേഷിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ.

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ പൊലീസ് വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം ഇല്ല. സിഐഡി അന്വേഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. സംഭവത്തില്‍ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് പ്രതിഷേധക്കാർ തന്നെയാണെന്നാണ് പൊലീസിന്‍റെ വാദം. ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി ഇന്നലെ കേസെടുത്തിരുന്നു. പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല, ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീൻ മംഗളൂരു പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാർ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. 

സംഘർഷത്തിൽ പൊലീസെടുത്ത കേസിൽ ജലീൽ മൂന്നാം പ്രതിയും നൗഷീൻ എട്ടാം പ്രതിയുമാണ്. ആകെ 77 പേർക്കെതിരെയാണ് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്. പൊതുമുതൽ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് നഗരത്തിൽ സംഘടിച്ചതെന്നാണ് പൊലീസ് വാദം. ഏഴായിരത്തോളം പേരാണ് അക്രമം നടത്തിയതെന്നായിരുന്നു നേരത്തെ മംഗളൂരു കമ്മീഷണർ പി എസ് ഹർഷ പറഞ്ഞത്.  കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

മംഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യൂ ഇന്ന് രാവിലെ പിൻവലിച്ചെങ്കിലും നഗരത്തിൽ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്ഥമായി നഗരം ഇന്ന് കൂടുതൽ സജീവമാണ്. ബസുകളടക്കം വാഹനങ്ങൾ എല്ലാം നിരത്തിലോടുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങളും വെടിവെപ്പും നടന്ന ബന്ധർ മേഖലയിൽ അടക്കം നഗരത്തിൽ ഇപ്പോഴും കനത്ത പൊലീസ് സുരക്ഷ തുടരുന്നു.

click me!