
ദില്ലി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്.
നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. വിധി പുനഃപരിശോധിക്കേണ്ട പുതിയ സാഹചര്യങ്ങളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ മാസം ഒന്നാം തിയതി മുതൽ ആറാംതിയതി വരെ ജെഇഇ പരീക്ഷ നടന്നു.
കൊവിഡ് മഹാമാരിയുടെ വ്യാപനവും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കെ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വ്യക്തിപരമായി കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam