
ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി, സർക്കാർ നിലപാട് ശരിവച്ചത്. പിഎഫ്ഐ നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താവുന്നതാണെന്ന് ആർഎസ്എസിനോട് നിർദേശിച്ചു. അതിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ കേരളം അനുമതി നല്‍കിയെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിച്ചെങ്കിലും ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആര്‍എസ്എസ് അഭിഭാഷകൻ വാദിച്ചു. എന്നാൽ ഗോഡ്സെയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാൻ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ചോദിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് ഇന്നലെയാണ് സംസ്ഥാനത്താകെ തമിഴ‍്നാട് സർക്കാർ അനുമതി നിഷേധിച്ചത്. റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതി നിലനിൽക്കെയായിരുന്നു ഈ നടപടി. സുരക്ഷ ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ നടപടി. പിഎഫ്ഐ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ റൂട്ട് മാർച്ചിന് അനുമതി നൽകാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ ഈ തീരുമാനത്തിന് എതിരെയാണ് ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ തിരുവള്ളൂർ ജില്ലയിലെ റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ, തമിഴ‍്‍നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനമാകെ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ഗാന്ധി ജയന്തി ദിനത്തിൽ തമിഴ‍്‍നാട്ടിൽ നടത്താൻ നിശ്ചയിച്ച റൂട്ട് മാർച്ചിന് നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചെങ്കിലും തിരുവള്ളൂർ ജില്ലാ പൊലീസ് മേധാവി പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam