
പെഷവാർ: തന്നെ കാണാനായി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലെത്തിയ കൂട്ടുകാരി തിരികെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെ പാകിസ്ഥാനിലെത്തിയിരുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തിയത്. അഞ്ജുവിന്‍റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത് നസ്‌റുല്ല വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
'തന്നെ കാണാനായാണ് അഞ്ജു എത്തിയത്. ഞങ്ങള്‍ സുഹൃത്തുക്കളാണ്, വിവാഹം കഴിക്കാൻ പ്ലാനില്ല. വിസാ കാലാവധി കഴിയുന്നതോടെ അവൾ തിരികെ ഇന്ത്യിലേക്ക് മടങ്ങും'- നസ്റുല്ല പറഞ്ഞു. ഞങ്ങള്‍ പ്രണയത്തിലല്ല, അഞ്ജു എന്റെ വീട്ടിലെ പ്രത്യേക മുറിയിൽ കുടുംബത്തിലെ മറ്റ് സ്ത്രീകളോടൊപ്പം ആണ് താമസിക്കുന്നതെന്നും നസ്റുല്ല പറഞ്ഞു. ജില്ലാ ഭരണകൂടം തങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അഞ്ജു കുടുംബത്തോടൊപ്പം സുരക്ഷിതയാണെന്നും നസ്‌റുല്ല പറഞ്ഞു. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്.
ജില്ലാ പൊലീസ് ഓഫീസർ മുഷ്താഖ് ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകള്‍ കൃത്യമായതിനാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്. ഇവർക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. എന്നാല്‍ ഭാര്യ പാകിസ്ഥാനിലെത്തിയെന്ന വിവരം ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്.
ഒരു സ്വകാര്യ കമ്പനിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലിക്കു ശ്രമിക്കാനായി 2020ല്‍ പാസ്‍പോര്‍ട്ട് എടുത്തിരുന്നു.രണ്ട് മക്കളുണ്ട്. ഉത്തര്‍പ്രദേശിലെ കൈലോര്‍ ഗ്രാമത്തില്‍ നിന്നുള്ള അഞ്ജു കുടുംബത്തോടൊപ്പം രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ജുവിന്റെ സഹോദരനും ഈ വീട്ടില്‍ ഒപ്പമുണ്ട്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന 29കാരനായ പാകിസ്ഥാന്‍ പൗരന്‍ നസ്റുള്ളയെ ഫേസ്ബുക്കിലൂടെയാണ് അഞ്ജു പരിചയപ്പെടുന്നത്. പാകിസ്ഥാനിലെത്തിയ യുവതിയെ അവിടെ ആദ്യം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും യാത്രാ രേഖകളെല്ലാം ശരിയായിരുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read More : അന്ന് മദ്യവും ചിക്കനും, ഇന്ന് കെടിആറിന്‍റെ പിറന്നാളിന് മറ്റൊരു 'വിലയേറിയ' സമ്മാനവുമായി നേതാവ്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam