കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്ന പ്രശ്നമില്ല: ശശി തരൂര്‍

By Web TeamFirst Published Dec 18, 2019, 10:19 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി സമരം ശക്തമാകുമ്പോഴാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്.

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്ന പ്രശ്നമില്ലെന്ന് ശശി തരൂര്‍ എംപി. ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്കാരമാണ് 'ആന്‍ എറാ ഓഫ് ഡാര്‍ക്‍നെസ്' എന്ന പുസ്തകത്തിലൂടെ തരൂരിന് ലഭിച്ചത്.

കുറച്ച് കാലം മുമ്പ് സര്‍ക്കാറിനോടുള്ള വിയോജിപ്പ് കാരണം മുതിര്‍ന്ന എഴുത്തുകാര്‍ പോലും പുരസ്കാരം തിരികെ നല്‍കിയപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അവരോട് പറഞ്ഞ ആളാണ് ഞാന്‍. അതുകൊണ്ട് എന്‍റെ കാര്യത്തിലും പുരസ്കാരം തിരികെ നല്‍കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല. അങ്ങനെ ചെയ്യാനുള്ള പ്രത്യേക കാരണമൊന്നും ‌ഞാന്‍ കാണുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. സാഹിത്യ അക്കാദമി പുരസ്കാരത്തെ സാഹിത്യപരമായ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. സര്‍ക്കാറിന് അതില്‍ കാര്യമല്ല. പുരസ്കാരങ്ങളെ ബഹുമാനിക്കുന്ന സാഹിത്യ സമൂഹമാണ് നമ്മുടേത്. എത്ര അഭിമാനകരമായ പുരസ്കാരമാണ് ഞാന്‍ നേടിയതെന്ന് എല്ലാവര്‍ക്കുമറിയാം. അഭിമാനിക്കാനുള്ള കാര്യവും അതുതന്നെയെന്ന് തരൂര്‍ വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി സമരം ശക്തമാകുമ്പോഴാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്. മുമ്പും ഇപ്പോഴും കേന്ദ്ര സര്‍ക്കാറിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും പുരസ്കാരങ്ങള്‍ നിരസിക്കുകയോ തിരികെ നല്‍കുകയോ ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചും നിരവധി എഴുത്തുകാര്‍ പുരസ്കാരം തിരികെ നല്‍കിയിട്ടുണ്ട്. 

click me!