രാജ്യത്തിനകത്തെ യാത്രക്ക് എത്ര ചെലവായി? കണക്കില്ലെന്ന് പി എം ഒ

By Web TeamFirst Published Apr 12, 2019, 12:32 PM IST
Highlights

രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്‍ വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്‍ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പി എം ഒ മറുപടി നല്‍കിയത്. 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്ത് യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ അപേക്ഷയിലാണ് മറുപടി. ചുമതലയേറ്റതുമുതല്‍ രാജ്യത്തിനകത്തും പുറത്തുമായി പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടാണ് വിവരാവകാശം നല്‍കിയത്. രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്‍ വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്‍ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പി എം ഒ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നടത്തുന്ന യാത്രകളുടെ ചെലവ് സംബന്ധിച്ചും പി.എം.ഒ വിശദാംശങ്ങള്‍ നല്‍കിയില്ല. 

പ്രധാന മന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍  സംബന്ധിച്ച് യാതൊരു രേഖകളും പി എം ഒ ഔദ്യോഗിക വെബ്സൈറ്റിലില്ലെന്ന് അനില്‍ ഗല്‍ഗലി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, കര്‍ണാടക, യു പി, മധ്യപ്രദേശ്. ബിഹാര്‍, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മുകശ്മീര്‍, അസം, ഛത്തിസ് ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മോദി യാത്ര ചെയ്തിരുന്നു. ഈ യാത്രകളുടെ ചെലവ് വഹിച്ചത് കേന്ദ്ര സര്‍ക്കാറാണോ ബി ജെ പിയാണോ എന്നതിന് വ്യക്തതയില്ല. 


വിദേശ യാത്രകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും പി എം ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടെന്ന മറുപടിയാണ് നല്‍കിയത്. 2014 മേയ് മുതല്‍ 2019 ഫെബ്രുവരി 22 വരെ 49 വിദേശ യാത്രകളാണ് മോദി നടത്തിയത്. 
 

click me!