'സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗറിലില്ല', കുടുംബങ്ങൾ നഗരം വിടുന്നു, കശ്മീരിൽ ആശങ്കയിൽ പണ്ഡിറ്റുകൾ

Published : Jun 03, 2022, 10:00 AM ISTUpdated : Jun 03, 2022, 10:15 AM IST
'സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗറിലില്ല', കുടുംബങ്ങൾ നഗരം വിടുന്നു, കശ്മീരിൽ ആശങ്കയിൽ പണ്ഡിറ്റുകൾ

Synopsis

''30 മുതൽ 40 വരെ കുടുംബങ്ങൾ നഗരം വിട്ടുപോയി. ഞങ്ങളുടെ ആവശ്യം ഇതുവരെ നടപ്പാക്കിയില്ല...''

ശ്രീനഗ‍ര്‍: കശ്മീ‍രിൽ ആക്രമണം തുടര്‍ച്ചയായതിന്റെ പശ്ചാത്തലത്തിൽ പി എം പാക്കേജിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകൾ ജമ്മുവിലെത്തി. 1990 കളിലെ കശ്മീരിനേക്കാൾ അപകടം നിറഞ്ഞതാണ് ഇന്നത്തെ കശ്മീരെന്ന് ജമ്മുവിലെത്തിയ പണ്ഡിറ്റുകൾ പ്രതികരിച്ചു.  സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗ‍റിൽ ഇല്ലാതായെന്ന് കശ്മീരിൽ പി എം പാക്കേജിൽ ജോലി ചെയ്ത് വരുന്ന പണ്ഡിറ്റുകളിലൊരാൾ പ്രതികരിച്ചു.

30 മുതൽ 40 വരെ കുടുംബങ്ങൾ നഗരം വിട്ടുപോയി. ഞങ്ങളുടെ ആവശ്യം ഇതുവരെ നടപ്പാക്കിയില്ല - പിഎം പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന അമിത് കൗൾ എഎൻഐഓട് പറഞ്ഞു. സര്‍ക്കാരിന്റെ സുരക്ഷിത സ്ഥലങ്ങൾ നഗരത്തിനുള്ളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

സെക്യൂരിറ്റി ജീവനക്കാ‍ര്‍ പോലും ഇവിടെ സുരക്ഷിതരല്ല. കൂടുതൽ കുടുംബങ്ങൾ ശ്രീനഗര്‍ വിട്ടുപോകുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ ക്യാമ്പുകൾ പൊലീസ് സീൽ ചെയ്തിരിക്കുകയാണെന്നും മറ്റൊരാൾ എഎൻഐഓട് പ്രതികരിച്ചു. 

ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4 ആയി. ഇതിനിടെ  കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളിൽ  കേന്ദ്ര സർക്കാരിന് വിമർശനവുമായി രാഹുൽ ഗാന്ധി രം​ഗത്ത് വന്നു.

ബിജെപി കശ്മീരിനെ അധികാരത്തിലേക്കുള്ള ഗോവണിയായി മാത്രമാണ് കണ്ടതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കശ്മീരിൽ കൊല്ലപ്പെടുകയാണ്. കശ്മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യപ്പെടുകയാണ്. അവരെ സംരക്ഷിക്കേണ്ടവർ പക്ഷേ സിനിമയുടെ പ്രമോഷന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചുകൊന്നത്. കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയാണ് വിജയ്കുമാർ. 

Read More: കശ്മീരിൽ ഒരു വര്‍ഷത്തിനിടെ ഭീകരര്‍ നടത്തിയത് 16 ആസൂത്രിത കൊലപാതകങ്ങൾ

ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികൾ വിലയിരുത്താനിരിക്കെയാണ് താഴ്വരയില്‍നിന്നും ആശങ്കയുണർത്തുന്ന വാർത്തകൾ വരുന്നത്. ലഫ്. ഗവർണർ മനോജ് സിന്‍ഹയുമായി ഇന്ന് അമിത്ഷാ ദില്ലിയില്‍ കൂടികാഴ്ച്ച നടത്തുന്നുണ്ട്. കൂടുതൽ സൈനികരെ കശ്മീരിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More: ബാങ്ക് മാനേജരെ വധിച്ചത് കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ്; കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ