
ഇൻഡോർ: ആംബുലൻസും മറ്റ് സൌകര്യങ്ങളും ലഭിക്കാതെ പൊള്ളുന്ന ചൂടിൽ രോഗിയായ മകനുമായി ഒരു കിലോമീറ്ററോളം സ്ട്രക്ചറിൽ പൊരിവെയിലത്ത് തള്ളി മാതാപിതാക്കൾ. മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഇൻഡോറിലെ സൂപ്പർ സ്പെഷ്യാലിറ്റിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ് റെഫർ ചെയ്തെത്തിയ 12 വയസുകാരനായ മകനെ ചികിത്സിക്കാനെത്തിയ രക്ഷിതാക്കൾക്കാണ് ദുരവസ്ഥയുണ്ടായത്. ആംബുലൻസും അറ്റൻഡറും എത്താഞ്ഞതോടെ മകനെ പിതാവ് സ്ട്രക്ചറിൽ കിടത്തി കൊണ്ടുപോവുകയായിരുന്നു. പന്ത്രണ്ടുകാരനായ മകൻ ആദർശിനെ കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷിക്കാൻ, തുണി വെള്ളത്തിൽ മുക്കി ശരീരത്തിലിട്ട് കൊടുത്താണ് അമ്മ കൂടെ നടന്നത്.
നട്ടെല്ലിന് അസുഖം ബാധിച്ച ആദർശ് കഴിഞ്ഞ 15 ദിവസമായി എം.വൈ ആശുപത്രിയിലെ ചെസ്റ്റ് വാർഡിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. എന്നാൽ ഒരു കിലോമീറ്ററോളം ദൂരമുള്ള ഈ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ ഒരു വാർഡ് ബോയോ, അറ്റൻഡന്റോ, ആംബുലൻസ് സൗകര്യമോ ആശുപത്രി അധികൃതർ നൽകിയില്ല. ഇത്രയും ബുദ്ധിമുട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയപ്പോഴാകട്ടെ, കുട്ടിയെ അവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഫയലുകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് അധികൃതർ ഇവരെ മടക്കി അയച്ചു.
ഇതോടെ മാതാപിതാക്കൾക്ക് വീണ്ടും കുട്ടിയെയുമായി കടുത്ത ചൂടിലൂടെ എം.വൈ ആശുപത്രിയിലേക്ക് തന്നെ സ്ട്രെച്ചർ വലിച്ച് മടങ്ങേണ്ടി വന്നു. സംഭവം വിവാദമായതോടെ എം.വൈ ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടി ഏത് വാർഡിൽ നിന്നാണ് വന്നതെന്ന് വ്യക്തത വരുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ താൻ ശസ്ത്രക്രിയയിൽ ആയിരുന്നതിനാൽ കാര്യങ്ങൾ പൂർണ്ണമായി അറിഞ്ഞിട്ടില്ലെന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് പഞ്ചാരിയ പ്രതികരിച്ചത്. കോടികൾ ചിലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, സാധാരണക്കാരായ രോഗികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കുന്ന മധ്യപ്രദേശിലെ ആരോഗ്യരംഗത്തിന്റെ ദയനീയ ചിത്രമാണ് ഈ സംഭവം തുറന്നുകാട്ടുന്നതെന്നാണ് ഉയരുന്ന വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam