ആരെയും നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കരുതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി

By Web TeamFirst Published Jul 13, 2019, 9:25 AM IST
Highlights

നിങ്ങള്‍ക്ക് ആരെയും ഒരു കാര്യത്തിനും നിര്‍ബന്ധിക്കാനാവില്ല. പക്ഷേ നിങ്ങള്‍ക്ക് വന്ദേമാതരം ചൊല്ലുന്നത് നിഷേധിക്കാനുമാവില്ല. ഇരുഭാഗത്തും വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ദില്ലി: ആള്‍ക്കൂട്ട ആക്രമണങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഉതകുന്ന നിയമങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. ആരെയും നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കരുതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നഖ്‍വി പ്രതികരിച്ചു. ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നഖ്‍വിയുടെ പ്രതികരണം. 

ജയ് ശ്രീ റാം, ജയ് ഹനുമാന്‍ എന്നിങ്ങനെ സ്തുതിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം ആക്രമിച്ച തബ്രിസ് അന്‍സാരിയുടെ മരണത്തിന് പിന്നില്‍ പൊലീസിന്‍റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ''ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതികള്‍ പിടിക്കപ്പെടാത്ത ഒരു സംഭവം പറയൂ. രാജസ്ഥാനില്‍ പ്രതിക്ക് ആറുമാസത്തേക്ക് ജാമ്യം പോലും ലഭിച്ചില്ല. ഉത്തര്‍പ്രദേശില്‍ പ്രതിയെ നാല് മണിക്കൂറിനുള്ളില്‍ പിടികൂടി. സംഭവം എന്തുതന്നെ ആയാലും നടപടി ഉടനെടുക്കുന്നുണ്ട്'' - നഖ്‍വി പറഞ്ഞു. 

നിങ്ങള്‍ക്ക് ആരെയും ഒരു കാര്യത്തിനും നിര്‍ബന്ധിക്കാനാവില്ല. പക്ഷേ നിങ്ങള്‍ക്ക് വന്ദേമാതരം ചൊല്ലുന്നത് നിഷേധിക്കാനുമാവില്ല. ഇരുഭാഗത്തും വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിങ്ങള്‍ ഏതെങ്കിലും ഒരു ഗ്രാമത്തിലേക്ക് പോയാല്‍ ഹിന്ദു ആയാലും മുസ്ലീമായാലും ഓരോരുത്തരും റാം റാം എന്ന് പറയും. ഈ രാജ്യം മതേതരമാകുന്നത് ന്യൂനപക്ഷങ്ങള്‍ കാരണമല്ല, ഭൂരിപക്ഷത്തിന്‍റെ ഡിഎന്‍എയില്‍ അത് ഉള്ളതുകൊണ്ടാണെന്നും നഖ്‍വി അഭിമുഖത്തില്‍ വ്യക്തമാക്കി. 


 

click me!