
മുംബൈ: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്ക് പുറത്തു വന്ന അവസാനത്തെ കണക്ക് പ്രകാരം രാജ്യത്താകമാനം 341 കൊവിഡ് ബാധിതരാണുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതിനാൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് വൈറസ് ബാധയെ നേരിടാനാണ് ഉദ്ധവ് സർക്കാർ ശ്രമിക്കുന്നത്. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മുഴുവൻ ബസുകളും മാർച്ച് 31 വരെ സർവ്വീസ് നിർത്തി വച്ചു. അതേസമയം മുംബൈ നഗരത്തിലോടുന്ന ബെസ്റ്റ് ബസുകൾ സർവീസ് തുടരും.
ഇന്ന് ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്, കണ്ണൂർ എന്നിങ്ങനെ കേരളത്തിലെ ഏഴ് ജില്ലകളും ഇതിൽ ഉൾപ്പെടും.
രാജ്യത്ത് ആറാമത്തെ കൊവിഡ് മരണം ഇന്ന് രാവിലെ ബിഹാറിലാണ് റിപ്പോർട്ട് ചെയ്തത്. 38 വയസുകാരനാണ് മരിച്ചത്. ഇയാൾക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ പോയി വന്നതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല. ഗുജറാത്തിൽ രണ്ട് പേർ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചെങ്കിലും മരണകാരണം കൊവിഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇയാൾ ഖത്തറിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് വരെ രാജ്യത്ത് മരിച്ചവരെല്ലാം മുതിർന്ന പൗരൻമാരായിരുന്നു. മഹാരാഷ്ട്രയിൽ രണ്ട് പേരും, പഞ്ചാബിലും കർണാടകത്തിലും ദില്ലിയിലും ഓരോ പേരുമാണ് മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 324 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർ 295 പേരാണ്. 23 പേർക്ക് രോഗം ഭേദമായെന്നും ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
ഇന്ത്യയിൽ ഇപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരുടെ ഒഴികെ ബാക്കിയെല്ലാവരുടെ യാത്രാ ചരിത്രം കണ്ടെത്താനായിട്ടുണ്ട്. ഇവരെല്ലാം തന്നെ വിദേശയാത്ര നടത്തിയവരോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കതിലേർപ്പെടുകയോ ചെയ്തവരാണ്. രണ്ട് പേരുടെ കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam