
ഭുവനേശ്വര്‍: ജാതി വിവേചനത്തെ മറികടക്കാന്‍ മികച്ച പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. സ്വന്തമായി മാട്രിമോണിയല്‍ വെബ്‌സൈറ്റ് തുറന്ന സര്‍ക്കാര്‍, ഇതില്‍ നിന്നും പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയും സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു.
സുമംഗല്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് തുറന്നത്. സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്‌മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്‌സൈറ്റ് തുറന്നത്. ജാതിരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.
നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് രണ്ടര ലക്ഷമായിരിക്കും. ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപയുടെ വര്‍ധനവാണ് വരുത്തിയത്. 2017 ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഈ ധനസഹായം വര്‍ധിപ്പിച്ചത്. അന്ന് 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക വര്‍ധിപ്പിച്ചത്.
ഒറ്റത്തവണത്തെ ഈ സഹായം ലഭിക്കാന്‍ വധൂവരന്മാര്‍ രണ്ട് ഭിന്നജാതിക്കാരായാല്‍ മാത്രം മതിയാകില്ല. ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചവരുമാകണം. വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപം എത്തുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam