
ദില്ലി: നരേന്ദ്ര മോദി-ഷി ജിൻപിങ് ഉച്ചകോടിയിൽ അതിർത്തി തർക്കം ചർച്ചയാവുമെന്ന് ചൈന. ഭീകരവാദത്തിനെതിരെ സംയുക്ത അഭ്യാസത്തിനും തീരുമാനിച്ചേക്കും. അതേസമയം കശ്മീരിലെ സ്ഥിതി നിരീക്ഷിക്കുന്നു എന്ന് ഷി ജിൻപിങ് ഇമ്രാൻ ഖാനെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
അതിർത്തിയിൽ ശാന്തി കാത്തുസൂക്ഷിക്കാൻ രണ്ടുപേർക്കും ബാധ്യതയുണ്ട്. അയൽക്കാർ തമ്മിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും ചൈനയുടെ അംബാസഡർ സുൻ വെയിഡോങ് പറഞ്ഞു. ചെന്നൈക്കടുത്ത് മഹാബലിപുരത്താണ് നരേന്ദ്രമോദി ഷി ജിൻപിങ് ഉച്ചകോടി. ചൈനയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള മഹാബലിപുരത്ത് നടക്കുക ആനൗപചാരിക ഉച്ചകോടിയെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം വുഹാനിൽ നടന്ന ആദ്യ അനൗപചാരിക കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് ഉച്ചകോടി.വ്യാപാര രംഗത്തെ സഹകരണം ദൃഢമാക്കുന്നതിനെക്കുറിച്ചാവും പ്രധാന ചർച്ച. അതിർത്തി തർക്കം പരിഹരിക്കാനുളള നടപടികൾ പുനരുജ്ജീവിപ്പിക്കും എന്നും ചൈന സൂചന നല്‍കി. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യ ശക്തമായി ഉന്നയിക്കും. സംയുക്ത ഭീകരവിരുദ്ധ സൈനിക അഭ്യാസത്തിന് ചൈന തയ്യാറാകും എന്നാണ് സൂചന.
കശ്മീർ വിഷയത്തിലെ നിലപാട് ഇന്നലെ ചൈന മയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ ചർച്ചയിലൂടെ വിഷയം പരിഹരിക്കണം എന്ന് ഇമ്രാൻ ഖാനുമായി ഇന്നു നടന്ന ചർച്ചയിലും ഷി ജിൻപിങ് ആവശ്യപ്പെട്ടു. ഇതോടൊപ്പം കശ്മീരിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍റെ അടിസ്ഥാന താല്‍പര്യങ്ങൾക്കൊപ്പം ചൈന നില്‍ക്കുമെന്ന ഷി ഉറപ്പു നല്കിയെന്നും സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam