ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ദേശീയ പതാകയോടുള്ള ആദരസൂചകമായി ത്രിവർണ്ണ റിബൺ മുറിക്കാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. ബുധനാഴ്ച ശ്രീനഗറിലെ കാശ്മീർ ഹാറ്റിൽ നടന്ന 'നോ യുവർ ആർട്ടിസാൻ' എന്ന പ്രദർശനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഉദ്ഘാടനത്തിനായി കെട്ടിയിരുന്ന റിബൺ ദേശീയ പതാകയുടെ നിറത്തിലുള്ളതാണെന്ന് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി അത് മുറിക്കാൻ തയ്യാറല്ലെന്ന് സംഘാടകരോട് പറയുകയായിരുന്നു.
റിബൺ അഴിച്ചുമാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. അഴിച്ചുമാറ്റിയ റിബൺ മടക്കി ആദരവോടെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒമർ അബ്‌ദുള്ളയുടെ നിലപാടിനെ നെറ്റിസൺസ് പ്രശംസിച്ചു. യഥാർത്ഥ രാജ്യസ്നേഹം പ്രവൃത്തിയിലാണെന്നും, ദേശീയ പതാകയോടുള്ള ആദരവ് ഉയർത്തിപ്പിടിച്ച മുഖ്യമന്ത്രിയുടെ നടപടി മാതൃകാപരമെന്നുമാണ് കമൻ്റ് ബോക്സുകളിൽ പലരും അഭിപ്രായപ്പെട്ടത്.
അതേസമയം, ഒരു സർക്കാർ പരിപാടിയിൽ ദേശീയ പതാകയിലെ നിറങ്ങളുള്ള റിബൺ ഉപയോഗിച്ച സംഘാടകരെ ചിലർ വിമർശിച്ചിട്ടുണ്ട്. കശ്മീരിലെ കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 'സൗൾഫുൾ കാശ്മീർ' കാമ്പയിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam