
ദില്ലി: രാജ്യത്തെ ഒമിക്രോൺ (Omicron) സാഹചര്യം ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം (Covid Review Meeting) ചേരും. ഇന്ന് വൈകിട്ട് രണ്ടരയ്ക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം വി കെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഇതുവരെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ആണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങൾ ഇല്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയിൽ മാത്രം 11 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച 11 പേരിൽ, ഏഴ് പേർ രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്തു. പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ദില്ലി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ,കൊവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചു. ലോക്സഭയിൽ എൻ കെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി.
എന്നാൽ, കൊവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ ചെയ്തതായാണ് വിവരം. അതേസമയം കൊവിഷീൽഡിന്‍റെ ബൂസ്റ്റർ ഡോസിന് അനുമതി തേടിയുള്ള സിറം ഇൻസ്റ്റിറ്റ്യട്ടിന്‍റെ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam