Omicron : ഒമിക്രോൺ ഭീതി ഉയരുന്നു; രാജസ്ഥാനിൽ 9 കേസുകൾ സ്ഥിരീകരിച്ചു, മഹാരാഷ്ട്രയിൽ 8 ആയി, രാജ്യത്താകെ 21

Web Desk   | Asianet News
Published : Dec 05, 2021, 08:16 PM ISTUpdated : Dec 05, 2021, 08:44 PM IST
Omicron : ഒമിക്രോൺ ഭീതി ഉയരുന്നു; രാജസ്ഥാനിൽ 9 കേസുകൾ സ്ഥിരീകരിച്ചു, മഹാരാഷ്ട്രയിൽ  8 ആയി, രാജ്യത്താകെ 21

Synopsis

ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന്  കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.

ദില്ലി: രാജ്യത്ത് ഒമിക്രോൺ (omicron) ഭീതി തുടരുന്നതിനിടെ രാജസ്ഥാനിലും (Rajasthan)  രോ​ഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ (Jaipur) ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ (South Africa) നിന്ന്  കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.

മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കൂടി ഒമിക്രോൺ വകഭേദം ഇന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കേസുകളുടെ എണ്ണം എട്ട് ആയി. നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ വന്നവരാണ് മറ്റ് മൂന്നു പേർ.  ഇവരിൽ 6 പേർ പിംപ്രിചിൻച്വാദിൽ നിന്നുള്ളവരാണ് .ഒരാൾ പൂനെയിൽ നിന്നാണ്. പിംപ്രി ചിൻച്വാദിൽ രോഗം സ്ഥിരീകരിച്ചത്  നൈജീരിയയിൽ നിന്നെത്തിയ മൂന്നുപേർക്കും അവരുമായി സമ്പർക്കം ഉണ്ടായ മൂന്നുപേർക്കുമാണ്. 45 വയസുള്ള ഇന്ത്യൻ വംശജയായ നൈജീരിയൻ പൗര, അവരുടെ പന്ത്രണ്ടും പതിനെട്ടും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കാണ് ഒമിക്രോൺ. സഹോദരനെ കാണാൻ വേണ്ടി നവംബർ 24 നാണ് എത്തിയത്. 45 വയസ്സുള്ള സഹോദരൻ അദ്ദേഹത്തിൻറെ 7, ഒന്നര വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിൾ ആണ് പരിശോധിച്ചത്. 

പൂനെയിൽ രോഗം സ്ഥിരീകരിച്ചയാൾ നവംബർ 18 മുതൽ 25 വരെ ഫിൻലണ്ട് സന്ദർശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങൾ കണ്ടതോടെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ  താനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ വാക്സീനെടുത്തിരുന്നില്ല. എന്നാല്‍ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവര്‍ക്കാര്‍ക്കും രോഗമില്ല. 

രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 12 ആയി. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലും ഇന്ന്  ഒമിക്രോണ്‍ സ്ഥിരീകരിച്ചു.  ടാന്‍സാനിയയില്‍ നിന്നെത്തി ദില്ലി എൽഎൻജെപി ആശുപത്രിയില്‍  നിരീക്ഷണത്തിലായിരുന്ന 37കാരനാണ്  ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.  12 പേരുടെ സാമ്പിള്‍ ജനിത ശ്രേണീകരണം നടത്തിയതില്‍ ഒന്നിലാണ് പുതിയ വകഭേദം കണ്ടത്. 5 സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ട്. ഒമിക്രോണ്‍ ബാധിതന് നേരിയ രോഗലക്ഷണങ്ങളേയുള്ളൂവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധിതനായ  72കാരന്‍റെ സമ്പര്‍ക്കപട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല.  ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 46കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവർ പങ്കെടുത്തുിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്‍റുകളും സന്ദര്‍ശിച്ചു. 46 കാരനായ ഡോക്ടറുടേതടക്കം സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമ്പോള്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. 

ദില്ലിയിലടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന വാക്സിനേഷന്‍ നിരക്കുകള്‍ ആരോഗ്യമന്ത്രാലയം അവലോകനം ചെയ്യും. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധന കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ