Latest Videos

Omicron : നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

By Web TeamFirst Published Nov 29, 2021, 6:47 AM IST
Highlights

കൂടുതൽ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസെ രംഗത്തെത്തി. നടപടി ന്യായീകരിക്കാനാകാത്തതും അശാസ്ത്രീയവുമാണ്. നടപടി ഉടൻ പിൻവലിക്കണമെന്നും റമഫോസെ ആവശ്യപ്പെട്ടു

ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ(omicron) നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് (restrictions)കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലന്‍ഡിലെത്തിയ പതിമൂന്ന് യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് അശാസ്ത്രീയമാണെന്നും, ഉടൻ പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസെ ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിലെത്തിയ പതിമൂന്ന് പേരിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. കൊവിഡ് കേസുകൾ വളരെ കൂടുന്ന സാഹചര്യത്തിൽ നെതർലൻഡ് നേരത്തെ തന്നെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയതോടെ ആഘോഷ പരിപാടികൾക്കും ഒത്തുചേരലിനും നിയന്ത്രണം ഏർപ്പെടുത്തി.

യുകെയിൽ മൂന്നാമത്തെ ആൾക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പരിശോധനയും ക്വാറന്‍റീനും നിർബന്ധമാക്കി. വാക്സിനേഷൻ കാര്യക്ഷമമാക്കാൻ നാലരക്കോടി ഡോസുകൾ ഉടൻ വിതരണം ചെയ്യാൻ തീരുമാനമായി. 

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരാൾ ജർമനിയിൽ നിരീക്ഷണത്തിലാണ്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി. 

ദക്ഷി‌ണാഫ്രിക്കയും ഹോളണ്ടും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. കൂടുതൽ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസെ രംഗത്തെത്തി. നടപടി ന്യായീകരിക്കാനാകാത്തതും അശാസ്ത്രീയവുമാണ്. നടപടി ഉടൻ പിൻവലിക്കണമെന്നും റമഫോസെ ആവശ്യപ്പെട്ടു

click me!