omicron : ഗുജറാത്തിലും ഒമിക്രോണെന്ന് റിപ്പോര്‍ട്ട്; വൈറസ് ജാംനഗര്‍ സ്വദേശിക്ക്, രാജ്യത്തെ മൂന്നാമത്തെ കേസ്

Published : Dec 04, 2021, 02:53 PM ISTUpdated : Dec 04, 2021, 05:47 PM IST
omicron : ഗുജറാത്തിലും ഒമിക്രോണെന്ന് റിപ്പോര്‍ട്ട്; വൈറസ് ജാംനഗര്‍ സ്വദേശിക്ക്, രാജ്യത്തെ മൂന്നാമത്തെ കേസ്

Synopsis

ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 

അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ (omicron) സാന്നിധ്യം.സിംബാബ്വേയില്‍ നിന്ന് ഗുജറാത്തിലെ (Gujarat) ജാംനഗറിലെത്തിയ 72 കാരനാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സിംബാബ്വേയില്‍ നിന്ന് ദുബൈ വഴി 72 കാരന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ജാംനഗറിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തിന് പനി ബാധിച്ചു. വ്യാഴാഴ്ച്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡാണെന്ന് തെളിഞ്ഞു. പിന്നാലെ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ എന്നിവിടങ്ങളിലേക്ക് ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ അയച്ചു. 

ഗുജറാത്ത് ബയോടെകനോളജി റിസര്‍ച്ച് സെന്‍ററില്‍ നടത്തിയ പരിശോധയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പനിക്കൊപ്പം തൊണ്ട വേദനയും ചുമയുമുണ്ടെങ്കിലും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്ന ജാംനഗറിലെ സര്‍ക്കാര്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയതിനൊപ്പം സ്രവം പരിശോധനയ്ക്കായി അയച്ചെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വീടിരിക്കുന്ന പ്രദേശം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.

ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്. മുന്‍വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. 

പുതിയ വകഭേദം നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ പടര്‍ന്നാലും ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തീവ്രമാകരുതെന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രാലയം നല്‍കിട്ടുണ്ട്. 10 ശതമാനത്തിനടുത്ത് ചില ജില്ലകളില്‍ നില്‍ക്കുന്ന പൊസിറ്റിവിറ്റി നിരക്ക് ജാഗ്രതയോടെ കാണണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ വ്യാപനം തടയാന്‍ കൂടുതല്‍ ശ്രദ്ധ വേണം. തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ പൊസിറ്റീവ് കേസുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയില്‍ പൊസിറ്റീവായവരുടെ സാമ്പിള്‍ പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം