കൊവിഡ്: ധാരാവിയില്‍ ഒരുമരണം കൂടി; പഴം, പച്ചക്കറി കടകളടക്കം അടച്ചുപൂട്ടും

By Web TeamFirst Published Apr 9, 2020, 4:55 PM IST
Highlights

കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ ധാരാവിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം

മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം ഇതുവരെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ ധാരാവിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഇവിടുത്തെ പഴം പച്ചക്കറി കടകളടക്കം പൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. നാഷണൽ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയം ക്വാറന്‍റൈൻ സെന്‍ററാക്കി.

അതിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1297 ആയി ഉയര്‍ന്നു. 12 മണിക്കൂറിനിടെ 162 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 143 കേസുകളും മുംബൈയിലാണ്. ഏപ്രിൽ ഒന്ന് മുതൽ എല്ലാദിവസവും നൂറോ അതിലധികമോ പേർക്ക് രോഗം  സ്ഥിരീകരിക്കുന്നുണ്ട്. എട്ടിൽ കുറയാതെ മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമൂഹ വ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അതിന്‍റെ തോതിൽ വലിയ വർധനവില്ലെന്നാണ് വിശദീകരണം. 

രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയെന്നോണമാണ് വീണ്ടും നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്. വൊക്കാർഡ് ആശുപത്രിയിലെ രണ്ട് നഴ്സുമാരെ സെവൻഹിൻ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തു. 46 മലയാളി നഴ്‍സുമാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച ആശുപത്രിയാണ് വൊക്കാർഡ്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ബ്രീച്ച് കാൻഡി, ബാട്ടിയ ആശുപത്രികളിൽ ഒപി നിർത്തി. ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്‍റൈൻ ചെയ്യേണ്ടി വരുന്നതിനാൽ ആരോഗ്യപ്രവർത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്. 

ഈ കുറവ് പരിഹരിക്കാൻ വിരമിച്ചവരും ആരോഗ്യമേഖലയിൽ പ്രവർത്തിപരിചയമുള്ളവവരുമായ ഡോക്ടർമാരെയും നഴ്സുമാരെയും സർക്കാർ റിക്രൂട്ട് ചെയ്ത് തുടങ്ങി. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ദക്ഷിണകൊറിയയിൽ നിന്നെത്തിക്കാൻ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

click me!