
ദില്ലി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം രാംനാഥ് കൊവിന്ദിന്റെ വസതിയിൽ ഉടൻ ആരംഭിക്കും. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തി. 8 അംഗ സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധി അധിര്‍ രഞ്ജന്‍ ചൗധരി പിന്മാറിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതടക്കമുള്ള അജണ്ടകള്‍ യോഗം പരിശോധിക്കും.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ ഒരുക്കം തുടങ്ങിയതെന്നാണ് സൂചന. ജൂണില്‍ രാംനാഥ് കൊവിന്ദിനെ അമിഷായും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയും കണ്ട് ഇതിനായുള്ള പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചു. ഇതിന്‍റെ ഭാഗമായി പത്ത് ഗവര്‍ണ്ണര്‍മാരെയും, ഭരണഘടന വിദഗ്ധരെയും കണ്ട് രാംനാഥ് കൊവിന്ദ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക നിരീക്ഷണം ഒരു പക്ഷേ പ്രത്യക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവും കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സ്ഥിരം സെക്രട്ടറിയുമാണ്.
'ഭാരതിൽ' ദേശീയ വികാരം ശക്തമാക്കാൻ ബിജെപി തന്ത്രം, ജി 20യുടെ പ്രതിനിധി കാർഡുകളിലും 'ഭാരത്'
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ കൂടി നടത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ? എത്ര ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെയാകണം? ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ എന്തൊക്കെയാണ്? 83, 85, 172, 174, 365 വകുപ്പുകളില്‍ ആവശ്യമായ ഭേദഗതികളെന്തൊക്കെ? ഭരണഘടന ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ? തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണം? വിവി പാറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ എങ്ങനെയാവണം, ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റവോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കേണ്ടത്.
ഇതിനിടെ 18 ന് ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി. അജണ്ട ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഏകപക്ഷീയ ചര്‍ച്ച അനുവദിക്കില്ലെന്ന് സോണിയ വ്യക്തമാക്കി. ചോദ്യോത്തര വേളയോ, ശൂന്യവേളയോ, പ്രൈവറ്റ് മെംബര്‍ ബിസിനസോ ഇല്ലാത്ത അഞ്ച് ദിവസത്തെ സമ്മേളനം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വനിത സംവരണ ബില്‍, ഏക സിവില്‍ കോഡ് അങ്ങനെ ചര്‍ച്ച വിഷയങ്ങളെ സംബന്ധിച്ച അഭ്യൂഹങ്ങളുടെ പട്ടിക നീളുന്നു. തല്‍ക്കാലം അജണ്ട വെളിപ്പെടുത്തേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ അദാനി വിവാദത്തിലെ ജെപിസി അന്വേഷണം, മണിപ്പൂര്‍ കലാപം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആവശ്യം. നേരത്തെ ഈ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വര്‍ഷകാല സമ്മേളനം തുടര്‍ച്ചായായി പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam