
ബംഗളൂരു: തെലങ്കാനയിൽ ഭക്തർക്ക് ഇനി ഓൺലൈനായി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും നടത്താം. ഏഴ് ക്ഷേത്രങ്ങളിൽ പൂജ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇ-പൂജ മാത്രമല്ല ഇ-ഭണ്ഡാരം സൗകര്യവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ദിവസപൂജകൾ മുടങ്ങാതെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പല ഭക്തരും തങ്ങളുടെ പേരിൽ പൂജകൾ നടത്തണമെന്ന് ആഗ്രഹമറിയിച്ചിരുന്നു. തുടർന്നാണ് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടു തന്നെ ഒരു പരിഹാരം കണ്ടെത്താൻ സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ വെബ്സൈറ്റിലൂടെയാണ് ഭക്തർക്ക് ഏഴ് പ്രധാന ക്ഷേത്രങ്ങളിലെ പൂജകൾ ബുക്ക് ചെയ്യാനാകുക. ചില ക്ഷേത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചില ക്ഷേത്രങ്ങളിലെ പ്രസാദം ഭക്തർക്ക് തപാൽ വഴി ലഭ്യമാക്കാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ പ്രസാദം വീട്ടിലെത്തുമെന്നാണ് ക്ഷേത്രങ്ങൾ അറിയിച്ചിരിക്കുന്നത്.