തെലങ്കാനയിലെ ഓപ്പറേഷൻ കമലം: തെളിവെവിടെ എന്ന് തുഷാർ, ടിആ‌‍ർഎസ് നാടകമെന്ന് ബിജെപി

By Web TeamFirst Published Nov 4, 2022, 12:57 PM IST
Highlights

ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാർ വെള്ളാപ്പള്ളി. ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല. പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ല. 

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ ഓപ്പറേഷൻ കമലം ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളിയും ബിജെപിയും. തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്  തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാർ വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല. 
പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ല. 

കെസിആറിന്റെ ആരോപണം ബിജെപിയും തള്ളി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ബിജെപി തിരിച്ചടിച്ചു. ടിആ‍ർഎസ് വിലയ്ക്കെടുത്ത അഭിനേതാക്കളാണ്  വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളും ബിജെപി തള്ളി.
 
അതേസമയം ആരോപണത്തിലുറച്ച് നിൽക്കുകയാണ് ടിആ‍ർഎസും ചന്ദ്രശേഖ‌ർ റാവുവും. തെലങ്കാന ഹൈക്കോടതിയിൽ വീഡിയോ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.  സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. 

തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആ‍ര്‍ ആരോപിച്ചിരുന്നു. 100 കോടിയാണ് സ‍ര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാ‍ര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടത്. ഏജൻറുമാർ ടിആ‍ർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം കെസിആ‍ര്‍ പുറത്തുവിട്ടിരുന്നു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവ‍ര്‍ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. 

 

click me!