
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാലികളടക്കം സംഘത്തിലുണ്ട്.
സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്ത് അടുത്തത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്
ഐഎന്‍എസ് സുമേധയ്ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ചും പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് എത്തിച്ചു. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സ്കൂളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. ജിദ്ദയില്‍ നിന്ന് എത്രയും വേഗം ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐഎന്‍എസ് തേഗ് പോര്‍ട് സുഡാനിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുറപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam