
ദില്ലി: 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാനെതിരെ മൂന്ന് പ്രതിരോധ സംവിധാനങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതാദ്യം. 26പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യൻ സൈന്യവും നാവികസേനയും വ്യോമസേനയും സംയുക്തമായി ബുധനാഴ്ച പുലർച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് തിരിച്ചടിക്ക് പേരിട്ടത്. ബുധനാഴ്ച പുലർച്ചെ 1.44 നാണ് ആദ്യ ആക്രമണമുണ്ടായത്. ഓപ്പറേഷന്റെ ഭാഗമായി, പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചു. പിഒകെ കേന്ദ്രങ്ങളിൽ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതും ലക്ഷ്യമിട്ടതെന്ന് കരസേന പത്രക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെയും സംവിധാനങ്ങൾ ആക്രമണങ്ങളിൽ ഉപയോഗിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കാമികാസെ ഡ്രോണുകളും സൈന്യം ഉപയോഗിച്ചു. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് എന്നാൽ ഭീകരരുടെ ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്നും സൈന്യം പറഞ്ഞു. സൈന്യം ലക്ഷ്യംവച്ചതിൽ ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനവും മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബയും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഓപ്പറേഷന് തൊട്ടുപിന്നാലെ, എൻഎസ്എ അജിത് ഡോവൽ യുഎസ് എൻഎസ്എയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിക്കുകയും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. 'ഓപ്പറേഷൻ സിന്ദൂര'ത്തെക്കുറിച്ചുള്ള വിശദമായ വിശദീകരണം ഇന്ന് വൈകുന്നേരം നടക്കുമെന്ന് സൈന്യം അറിയിച്ചു.