
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളുകളിലെ ക്ലാസുകളിൽ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്കാരത്തിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമയെ കോപ്പിയടിക്കരുതെന്നും കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും എഐഎഡിഎംകെ വിമര്‍ശിച്ചു. സര്‍ക്കാരിന്‍റേത് തിടുക്കപ്പെട്ടുള്ള നടപടിയാണെന്നും വിമര്‍ശിച്ചു.
കുട്ടികളുടെ കഴുത്തും കണ്ണും വേദനിക്കുമെന്ന് അറിയാതെയാണോ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും എഐഎഡിഎംകെ നേതാക്കള്‍ ചോദിച്ചു. സിനിമ റിവ്യൂ നോക്കി സർക്കാർ തീരുമാനങ്ങൾ എടുക്കരുതെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടു. ക്ലാസ് റൂമുകളിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ട പരിഷ്കരണത്തിനെതിരെ ബിജെപിയും രംഗത്തെത്തി. അശാസ്ത്രീയമായ പരിഷ്കാരമാണെന്ന് ഡോ. തമിഴിസൈ സൗന്ദര്‍രാജൻ അഭിപ്രായപ്പെട്ടു. മലയാള സിനിമ കണ്ട് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്നും തമിഴിസൈ സൗന്ദര്‍ രാജൻ ആവശ്യപ്പെട്ടു.
പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം സ്കൂളുകളിൽ നടപ്പാക്കുന്നത്. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതുസംബന്ധിച്ച സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് പുതിയ പരിഷ്കാരത്തിന് പ്രചോദനമായത്. സിനിമ തമിഴ്നാട്ടിലും ചർച്ചയായിരുന്നു. തമിഴ്നാട്ടിലെ സ്‌കൂളുകളിലെ പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി പേര്‍ എത്തിയപ്പോള്‍ ഇതിലെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയും നിരവധി പേര്‍ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam