കൊവിഡ്, ജിഎസ്ടി, അതിര്‍ത്തി തര്‍ക്കം; പാര്‍ലമെന്റില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ ധാരണ

By Web TeamFirst Published Sep 6, 2020, 8:42 PM IST
Highlights

കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിക്കുന്ന എല്ലാ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
 

ദില്ലി: പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തില്‍ ഇരുസഭകളിലും കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം ഒരുമിച്ചുന്നയിക്കാന്‍ പ്രതിപക്ഷ ധാരണ. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശിക വരുത്തിയത്, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്. 

വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആഴ്ചക്ക് ശേഷം തന്ത്രങ്ങള്‍ മെനയുന്നതിനായി യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയായിരുക്കും യോഗത്തിന് നേതൃത്വം നല്‍കുകയെന്നും സെപ്റ്റംബര്‍ എട്ടിന് യോഗം ചേര്‍ന്നാക്കെമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം സെപ്റ്റംബര്‍ 14നാണ് മഴക്കാല സമ്മേളനം. 

കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിക്കുന്ന എല്ലാ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. കഴിഞ്ഞയാഴ്ച ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പ് വിഷയത്തില്‍ മമതാ ബാനര്‍ജി, ഹേമന്ത് സോറന്‍, ഉദ്ധവ് താക്കറെ എന്നിവരെ സോണിയാ ഗാന്ധി ബന്ധപ്പെട്ടിരുന്നു. 

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒരുമിച്ച് ശബ്ദമുയര്‍ത്താനുള്ള നീക്കം നടക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഉടന്‍ ചേരുമെന്ന് സിപിഐ സെക്രട്ടറി ഡി രാജയും പറഞ്ഞു.  

ലഡാക്കിലെ സംഘര്‍ഷത്തില്‍ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ  ആവശ്യം. കൊവിഡ്, ജെഇഇ-നീറ്റ്, ജിഎസ്ടി വിഷയങ്ങളിലും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. 

ഇരുസഭകളിലും ചോദ്യോത്തരം ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭ സ്പീക്കര്‍ക്ക് കത്തെഴുതാനും തീരുമാനിച്ചു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചയും ശ്രദ്ധക്ഷണിക്കലും വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ചോദ്യോത്തര വേള ഒഴിവാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
 

click me!