കരടിക്കുഞ്ഞുങ്ങൾക്ക് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ടു

By Web TeamFirst Published Jul 12, 2019, 5:44 PM IST
Highlights

തുമകുരുവിൽ 20 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ നിന്നാണ് അടുത്തിടെ ഈ കരടിക്കുഞ്ഞുങ്ങളെ രക്ഷിച്ചത്

ബെംഗലുരു: തുമകുരുവിൽ നിന്ന് ഈയിടെ കണ്ടെത്തിയ കരടിക്കുഞ്ഞുങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണിയുടെയും മിതാലി രാജിന്റെയും പേരിട്ടു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള ആദരസൂചകമായാണ് തേൻ കരടി കുഞ്ഞുങ്ങൾക്ക് ഇവരുടെ പേരിട്ടതെന്നാണ് കർണാടക വനം വകുപ്പ് നൽകുന്ന വിശദീകരണം.

മഹേന്ദ്ര സിംഗ് ധോണിയുടെ ചെല്ലപ്പേരായ മാഹി എന്നതാണ് ഒരു കരടിക്കുഞ്ഞിന്റെ പേര്. മറ്റൊന്നിന് മിതാലി എന്നും പേരിട്ടു. 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഐസിസി റാങ്കിംഗിൽ മൂന്നാം സ്ഥാനം വരെ എത്തിക്കുന്നതിൽ മിതാലി വഹിച്ച പങ്കിനുള്ള സമ്മാനമായാണ് പെൺ കരടിക്കുഞ്ഞിന് ഇവരുടെ പേര് നൽകിയത്. ഝാർഖണ്ഡിലെ ചെറുപട്ടണത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി മാറിയ മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആദരവായാണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര് നൽകിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കരുത്തുള്ളവരാണ് ഈ രണ്ട് ക്രിക്കറ്റ് താരങ്ങളെന്നും, ഈ കരടിക്കുഞ്ഞുങ്ങളും ഇവരെ പോലെയാണെന്നുമാണ് വനം വകുപ്പ് പറയുന്നത്.

ബെംഗലുരുവിനടുത്ത് ബന്നർഗട്ട കരടി രക്ഷാ കേന്ദ്രത്തിലാണ് ഇവയെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. തുമകുരുവിൽ 20 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ നിന്നാണ് അടുത്തിടെ ഈ കരടിക്കുഞ്ഞുങ്ങളെ രക്ഷിച്ചത്. രണ്ട് ദിവസത്തോളം ഇവ കിണറ്റിൽ കിടന്നിരുന്നു. കിണറ്റിലേക്ക് വീണ് സാരമായി പരിക്കേറ്റ അമ്മക്കരടി വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ചത്തുപോയി. കർഷകരാണ് കിണറ്റിൽ നിന്ന് കരടിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയെ, പിന്നീട് വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഏതാണ്ട് 20 ആഴ്ചയോളം പ്രായമുള്ള കരടിക്കുഞ്ഞുങ്ങളാണ് ഇവയെന്നും, ഇതിലൊന്ന് പെണ്ണും ഒന്ന് ആണാണെന്നും വൈദ്യപരിശോധനയിൽ തിരിച്ചറിഞ്ഞു. 

click me!