സര്‍ക്കാര്‍ രൂപീകരിക്കലില്‍ ഒതുങ്ങുന്നതല്ല ആര്‍എസ്എസിന്‍റെ ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി

By Web TeamFirst Published Nov 16, 2019, 10:29 AM IST
Highlights

'' ഞങ്ങള്‍ക്ക് വ്യക്തമായ വീക്ഷണമുണ്ട്, അത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഉണ്ടാക്കുന്നതിലോ ഒതുങ്ങി നില്‍ക്കുന്നതല്ല''

സര്‍ക്കാര്‍ രൂപീകരിക്കുക എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, ആര്‍എസ്എസിന്‍റെയും അനുബന്ധ സംഘടനകളുടെയും ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യ നിര്‍മ്മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്(എബിവിപി) പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'' ഞങ്ങള്‍ക്ക് വ്യക്തമായ വീക്ഷണമുണ്ട്, അത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഉണ്ടാക്കുന്നതിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. ഞങ്ങളുടെ ആശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും'' - നിതിന്‍ ഗഡ്കരി പറഞ്ഞു. 

മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രത്യക്ഷമായി പരാമര്‍ശിക്കാതെയാണ് ഗഡ്കരി പ്രസംഗിച്ചത്. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനാ സഖ്യം പിരിയുകയും ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവലഭൂരിപക്ഷം ഇല്ലാതെ വരികയും ചെയ്തതോടെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിജെപി - ശിവസേന സഖ്യം പിരിഞ്ഞതോടെയാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം വൈകിയത്. ഇതോടെ ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് സഖ്യം മന്ത്രിസഭ രൂപീകരിക്കാന്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതും ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതും. 

click me!