
മുംബൈ: മഹാരാഷ്ട്രയില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ ലഡ്കി ബഹിൻ യോജനയ്ക്ക് കീഴിൽ 14,000-ത്തിലധികം പുരുഷന്മാർ ഗുണഭോക്താക്കളായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി പ്രകാരം, 21 നും 65 നും ഇടയിൽ പ്രായമുള്ള, പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്നതായിരുന്നു പദ്ധതി. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു പദ്ധതി പ്രഖ്യാപനം. അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുകയും ചെയ്തു.
വനിതാ ശിശു വികസന വകുപ്പ് (ഡബ്ല്യുസിഡി) നടത്തിയ ഓഡിറ്റിൽ 14,298 പുരുഷന്മാർക്ക് 21.44 കോടി രൂപ വിതരണം ചെയ്തതായി കണ്ടെത്തി. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിൽ കൃത്രിമം കാണിച്ച് പുരുഷന്മാർ സ്ത്രീ ഗുണഭോക്താക്കളായി രജിസ്റ്റർ ചെയ്യുകയായിരുന്നു. പദ്ധതി ആരംഭിച്ച്, 10 മാസങ്ങൾക്ക് ശേഷമാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.
‘’ദരിദ്ര സ്ത്രീകളെ സഹായിക്കുന്നതിനാണ് ലഡ്കി ബഹിൻ പദ്ധതി ആരംഭിച്ചത്. പുരുഷന്മാർ അതിന്റെ ഗുണഭോക്താക്കളാകാൻ അനുവദിക്കില്ല. തട്ടിപ്പിലൂടെ പണം നേടിയവരിൽ നിന്ന് തിരിച്ചുപിടിക്കും. സഹകരിച്ചില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കും'' - ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
ഗുണഭോക്തൃ പട്ടികയിൽ പുരുഷന്മാരെ വ്യാജമായി ഉൾപ്പെടുത്തിയത് തട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണെന്നും വലിയ തോതിൽ അയോഗ്യർ പദ്ധതി പ്രകാരം സഹായം കൈപ്പറ്റുന്നതിനാൽ ആദ്യ വർഷത്തിൽ 1,640 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി പ്രകാരം ഒരുകുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് മാത്രമാണ് അർഹത. എന്നാൽ പല കുടുംബത്തിൽ നിന്നും രണ്ടിലേറെപ്പേർ പദ്ധതി പ്രകാരം സഹായം നേടി. ഇത്തരത്തിൽ 7.97 ലക്ഷത്തിലധികം സ്ത്രീകളാണ് ആനുകൂല്യം തേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ലംഘനം വഴി മാത്രം ഖജനാവിന് 1,196 കോടി രൂപ നഷ്ടമായി. പ്രായപരിധി 65 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രായപരിധി കവിഞ്ഞവരും പദ്ധതിയിൽ ഉൾപ്പെട്ടു.
കൂടാതെ, നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ള വീടുകളിൽ നിന്നുള്ള 1.62 ലക്ഷം സ്ത്രീകളെയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ നിബന്ധനകൾ അനുസരിച്ച്, അത്തരം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അർഹതയില്ല.
തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് എൻസിപി (ശരത് പവാർ) എംപി സുപ്രിയ സുലെ ആരോപിച്ചു. ഏത് കമ്പനിക്കാണ് രജിസ്ട്രേഷനായി കരാർ നൽകിയതെന്നും തട്ടിപ്പ് എസ്‌ഐടിയോ ഇഡിയോ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2024 ഡിസംബറിൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പദ്ധതിയുടെ സമഗ്രമായ അവലോകനത്തിന് ഉത്തരവിട്ടിരുന്നു. ഫെബ്രുവരിയിൽ 5 ലക്ഷം അനർഹരായ ഗുണഭോക്താക്കളുടെ പേരുകൾ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു.
എല്ലാ അപേക്ഷകളുടെയും യോഗ്യത പരിശോധിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. അനർഹരായ 26.34 ലക്ഷം ഗുണഭോക്താക്കൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടുന്നുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2025 ജൂൺ മുതൽ, ഈ 26.34 ലക്ഷം അപേക്ഷകർക്കുള്ള ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.