
ദില്ലി: ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുൻ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയിൽ. റിസർവ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകൾ നിരോധിക്കാനേ കേന്ദ്രസർക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു. ഇല്ലാത്ത അധികാരം ഇനിയും സർക്കാർ ഉപയോഗിക്കാതിരിക്കാനുള്ള കർശനം നിർദ്ദേശം കോടതി നല്കണമെന്നും ചിദംബരം വാദിച്ചു.
നിയമപ്രകാരം റിസർവ്വ ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാർശ നല്കേണ്ടതെന്നും സർക്കാരല്ലെന്നും ചിദംബരം വ്യക്തമാക്കി. ആകെയുണ്ടായിരുന്ന പതിനേഴ് ലക്ഷം കോടിയുടെ നോട്ടിൽ പതിനഞ്ചര ലക്ഷം കോടി അസാധുവാക്കി മൗലികാവകാശത്തിലാണ് സർക്കാർ കടന്നുകയറിയതെന്നും ചിദംബരം ആരോപിച്ചു. നോട്ടുനിരോധനത്തെ എതിർത്തുള്ള ഹർജിയിൽ ഭരണഘടന ബഞ്ചിനു മുമ്പാകെയുള്ള വാദം തുടങ്ങിവച്ചാണ് പി ചിദംബരം ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് എസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേൾക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam