ടോം വടക്കന്‍റെ ചുവട് മാറ്റം തുടക്കം മാത്രം, വിളിച്ചാല്‍ ആ നിമിഷം ബിജെപിയിലെത്താന്‍ ആളുകള്‍ തയ്യാര്‍: ശ്രീധരന്‍പിള്ള

By Web TeamFirst Published Mar 14, 2019, 2:18 PM IST
Highlights

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്‍റെ തുടക്കമാണ് ഇതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇനിയും ഇത് തുടരുമെന്നും ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്‍റെ തുടക്കമാണ് ഇതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇനിയും ഇത് തുടരും. ബിജെപി വിളിച്ചാല്‍ ആ നിമിഷം വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു. 

ടോം വടക്കന്‍റെ കളം മാറ്റം നേരത്തേ അറിഞ്ഞിരുന്ന താന്‍ മാധ്യമങ്ങളോട് പറയാതിരുന്നതാണ്. ഒരു പാര്‍ട്ടി അധഃപതിച്ചാല്‍ അതില്‍ ഒരു പരിതിയുണ്ടെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു. പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ രാഹുല്‍ എടുത്തത് ശരിയായ നിലപാടായിരുന്നില്ല. പട്ടാളക്കാരെ അഭിനന്ദിച്ച രാഹുല്‍ എന്നാല്‍ തീരുമാനം എടുത്തവരെ കണ്ടില്ലെന്ന് നടിച്ചു. 

കേരളത്തിലെത്തിയ രാഹുല്‍ ശബരിമല വിഷയത്തെ കുറിച്ച് മിണ്ടിയില്ല. കാപട്യങ്ങളുടെ മുഖമായി  കോണ്‍ഗ്രസ് മാറുമ്പോള്‍ ഇത് തുടക്കം മാത്രമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ടോം വടക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് ചുവട് മാറിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ടോം വടക്കന്‍ കുറച്ച് നാളായി അസ്വസ്ഥാനായിരുന്നു. കേരളത്തില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 

click me!