
ദില്ലി: റഫേല്‍ പോര്‍ വിമാനങ്ങളില്‍ പാക് പൈലറ്റുമാര്‍ പരിശീലനം നേടിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ഓണ്‍ലൈന്‍ മാധ്യമം രംഗത്ത്. വ്യോമയാന രംഗത്തെ ശ്രദ്ധകേന്ദ്രീകരിക്കുന്ന ainonline. com എന്ന വെബ്‌സൈറ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിഷേധിച്ചു. വാര്‍ത്ത വ്യാജമാണെന്ന് ഫ്രഞ്ച് അംബാസഡര്‍ അലക്‌സാന്ദ്രെ സിഗ്ലര്‍ ട്വിറ്ററില്‍ കുറിച്ചു.
പാക് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ദാസോള്‍ട്ടും രംഗത്തെത്തി.
2017ല്‍ ഖത്തറിന് കൈമാറിയ റാഫേല്‍ ജെറ്റ് വിമാനങ്ങളിലാണ് ആദ്യ ബാച്ച് പരിശീലകരായി പാകിസ്ഥാനി എക്‌സ്‌ചേഞ്ച് ഓഫിസര്‍മാര്‍ എത്തിയതെന്ന് വെബ്‌സൈറ്റ് പറയുന്നു. 2018 ഫെബ്രുവരിയില്‍ ഖത്തര്‍ എയര്‍ഫോഴ്‌സ് തലവന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യോമയാന രംഗത്തും സൈനിക പരിശീലനത്തിലും പാകിസഥാന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. നേരത്തെയും പാകിസ്ഥാന് സൈനിക പരിശീലനങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
പുതിയ ആരോപണങ്ങള്‍ വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. റഫേല്‍ വിമാനങ്ങളുടെ സാങ്കേതിക രഹസ്യങ്ങള്‍ അതിപ്രധാനമെന്നാണ് കേന്ദ്രം വാദിക്കുന്നത്. അതുകൊണ്ട് തന്നെ വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും സര്‍ക്കാറും ബി.ജെ.പിയും പറയുന്നു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പരിഗണിക്കുന്ന കേസില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam