ഉദ്ദംപൂര്‍ ഇരട്ടസ്ഫോടനം: ഒരാൾ അറസ്റ്റിൽ, സ്ഫോടനം ആസൂത്രണം ചെയ്തത് പാക് പൗരൻ

By Web TeamFirst Published Oct 2, 2022, 9:58 PM IST
Highlights

ഡ്രോൺ വഴിയാണ് ഇയാൾക്ക് പാക്കിസ്ഥാന്‍ സ്വദേശി സ്ഫോടന വസ്തുക്കൾ എത്തിച്ചു നല്‍കിയത്. 


ശ്രീനഗര്‍:  ജമ്മുകാശ്മീരിലെ ഉദ്ദംപൂരിലുണ്ടായ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റില്‍. ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനായ മുഹമ്മദ് അസ്ലം ഷെയ്ഖിനെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഖുബൈബ് എന്നയാളുടെ നിർദേശമനുസരിച്ചാണ് ഇയാൾ സ്ഫോടക വസ്തുക്കൾ രണ്ട് ബസിലും ഘടിപ്പിച്ചതെന്നും, ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നും ജമ്മുകാശ്മീർ പോലീസ് അറിയിച്ചു. സെപ്റ്റംബർ 28ന് രാത്രിയും 29ന് പുലർച്ചയുമാണ് നിർത്തിയിട്ടിരുന്ന രണ്ട് ബസുകളിലായി സ്ഫോടനം ഉണ്ടായത്. ഡ്രോൺ വഴിയാണ് ഇയാൾക്ക് പാക്കിസ്ഥാന്‍ സ്വദേശി സ്ഫോടന വസ്തുക്കൾ എത്തിച്ചു നല്‍കിയതെന്നും പോലീസ് അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറ്റന്നാൾ കശ്മീരിൽ എത്താനിരിക്കെയാണ് സ്ഫോടനമുണ്ടായത് എന്നതിനാൽ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ സ്ഫോടനത്തെ സമീപിച്ചത്. കശ്മീരിൽ സുരക്ഷാപ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിക്കാനാണ് തീവ്രവാദ സംഘടനകൾ പാകിസ്ഥാൻ സഹായത്തോടെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറ‍ഞ്ഞു.

സ്‌ഫോടനത്തെത്തുടർന്ന് ഉധംപൂർ പോലീസ് അഞ്ച് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ പ്രതിയാണെന്ന് കണ്ടെത്തിയ മുഹമ്മദ് അസ്ലം ഷെയ്ഖ്. ചോദ്യം ചെയ്യല്ലിൽ ഇയാൾ സ്ഫോടനത്തിൽ തൻ്റെ പങ്ക് സമ്മതിച്ചെന്നും തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും അഞ്ച്  അഞ്ച് ഐഇഡികളും സ്റ്റിക്കി ബോംബുകളും കൂടി കണ്ടെടുക്കാൻ സാധിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സെപ്തംബർ 28 വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് ഡൊമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപം ബസിൽ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്ക് ശേഷമുണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉധംപൂര്‍ ഓൾഡ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മറ്റൊരു ബസിലാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ രണ്ടാമത്തെ സ്ഫോടനമുണ്ടായത്. 

click me!