ഇന്ത്യ വിരുദ്ധ പ്രചാരണത്തിനായി 'കോന്‍ ബനേഗ ക്രോര്‍പതി' പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുന്നു

By Web TeamFirst Published Sep 22, 2019, 11:27 PM IST
Highlights

രണ്ട് പാകിസ്ഥാൻ നമ്പറുകളാണ് ഈ വാട്സാപ്പ് ഗ്രൂപ്പ് നിയന്ത്രിക്കുന്നതെന്നും സൈബർ സെൽ കണ്ടെത്തി

ദില്ലി: അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതി പരിപാടി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാന്‍ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതായി പ്രതിരോധ മന്ത്രാലയം കണ്ടെത്തി. പരിപാടിയുടെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് രാജ്യ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണെന്നാണ് കണ്ടെത്തല്‍.

സൈനിക ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി ഇന്ത്യ വിരുദ്ധ പ്രചാരണം പാക്കിസ്ഥാന്‍ ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം. പ്രശസ്ത ഹിന്ദി പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ പേരിൽ യുവാക്കളെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്ത് ഇന്ത്യക്കെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നാണ് പ്രതിരോധ വിഭാഗത്തിന്‍റെ സൈബർ സെൽ വ്യക്തമാക്കുന്നത്. രണ്ട് പാകിസ്ഥാൻ നമ്പറുകളാണ് ഈ വാട്സാപ്പ് ഗ്രൂപ്പ് നിയന്ത്രിക്കുന്നതെന്നും സൈബർ സെൽ കണ്ടെത്തി.

ആളുകളോട് ഇത്തരം വ്യാജ ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോകാൻ പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു. 200 സൈനിക ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടത്. ട്വിറ്റർ പ്രതിനിധികളോട് ആവശ്യപ്പെട്ടതനുസരിച്ച് വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചു. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങി സൈനിക രഹസ്യങ്ങൾ ചോര്‍ത്താനും പാക്കിസ്ഥാന്‍ ശ്രമിച്ചതായും പ്രതിരോധമന്ത്രാലയം കണ്ടെത്തിയിരുന്നു.

click me!