Latest Videos

നിലപാട് തിരുത്തി പാകിസ്ഥാന്‍: കസ്റ്റഡിയില്‍ ഒരാള്‍ മാത്രം

By Web TeamFirst Published Feb 27, 2019, 9:54 PM IST
Highlights

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒഴിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരും തിരിച്ചെത്തിയെന്ന് ഇന്ത്യന്‍ വ്യോമസേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

ദില്ലി: ഇന്ത്യയുടെ രണ്ട് വ്യോമസേന പൈലറ്റുമാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന മുന്‍നിലപാട് തിരുത്തി പാകിസ്ഥാന്‍.  ഒരിന്ത്യന്‍ വ്യോമസേനാ പൈലറ്റ് മാത്രമേ കസ്റ്റഡിയിലുള്ളൂവെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതായി സൈനികവക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്ഥാന്‍ സൈന്യം പിടികൂടിയതായി പാകിസ്ഥാന്‍ സൈനികവക്താവാണ് ആദ്യം പറഞ്ഞത്. ബുധനാഴ്ച്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ട് എന്ന രീതിയില്‍ സംസാരിച്ചതും ആശയക്കുഴപ്പം സൃഷ്ടിച്ചു  ഇക്കാര്യത്തിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനങ്ങള്‍ തുരത്തിയോടിച്ചിരുന്നു. ഇതിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. ഈ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധൻ പാരച്യൂട്ടില്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പാക് അധീന കശ്മീരിലാണ് എത്തിയത്. ഇവിടെ നിന്നും അദ്ദേഹത്തെ പാകിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മറ്റൊരു ഇന്ത്യന്‍ വൈമാനികനും കൂടി പരിക്കേറ്റ നിലയില്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്നും ഇയാള്‍ ആശുപത്രിയിലാണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണ് ഇപ്പോള്‍ പാകിസ്ഥാന്‍ തള്ളിക്കളയുന്നത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒഴിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരും തിരിച്ചെത്തിയെന്ന് ഇന്ത്യന്‍ വ്യോമസേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

click me!