'ഏറ്റുമുട്ടിയത് മുസ്ലീം വിഭാഗങ്ങള്‍,സിഖുകാര്‍ ആക്രമിക്കപ്പെട്ടിട്ടില്ല'; വിശദീകരണവുമായി പാകിസ്ഥാന്‍

By Web TeamFirst Published Jan 5, 2020, 10:51 AM IST
Highlights

വെള്ളിയാഴ്ച രാത്രിയാണ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായത്. 

ലാഹോര്‍: പാക് പഞ്ചാബ് പ്രവിശ്യയിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണവുമായി പാകിസ്ഥാന്‍. മൂസ്ലീം വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്നും സിഖുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ് പാകിസ്ഥാന്‍റെ വാദം. വെള്ളിയാഴ്ച രാത്രിയാണ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായത്. നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. സിഖ് വിരുദ്ധ മുദ്രാവാക്യവുമായി വലിയൊരു സംഘം ഗുരുദ്വാരക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു.

നങ്കന സാഹിബ് ഗുരുദ്വാരക്ക് സമീപമുള്ള ഒരു ചായക്കടയില്‍ വച്ച് രണ്ട് മുസ്‍ലിം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നും ജില്ലാ അധികൃതര്‍ സംഭവത്തില്‍ ഇടപെട്ട് അറസ്റ്റ് നടന്നിട്ടുണ്ടെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം സംഭവത്തേക്കുറിച്ച് ഇന്നലെ പറഞ്ഞത്. അതേസമയം ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണം പൗരത്വ നിയമ ഭേദഗതി പ്രചാരണത്തിന് ആയുധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നായിരുന്നു  കേന്ദ്രസര്‍ക്കാറിന്‍റെ പ്രതികരണം. പിന്നാലെ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ രംഗത്തെത്തുകയും സംഭവത്തെ പൗരത്വ നിയമ  ഭേദഗതിയുമായി കൂട്ടിക്കെട്ടുകയുമായിരുന്നു.
 

click me!